പാവങ്ങൾക്ക് ഓണാനുകൂല്യങ്ങളില്ല; ധൂർത്തിന് കുറവൊന്നുമില്ലാതെ ഭക്ഷ്യവകുപ്പ്

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പാവങ്ങള്‍ക്ക് ഒാണാനുകൂല്യങ്ങള്‍ നിഷേധിച്ച് ഭക്ഷ്യവകുപ്പ്. റേഷന്‍കട വഴിയുള്ള സ്പെഷല്‍ പ‍ഞ്ചസാരയ്ക്ക് പുറമെ അന്ത്യോദയ അന്നയോജന പദ്ധതിയില്‍പ്പെട്ടവര്‍ക്ക് സപ്ലൈകോ വഴി നല്‍കിയിരുന്ന ഒാണക്കിറ്റും മുടങ്ങി. ധനവകുപ്പിെന്റ അറിയിപ്പ് ലഭിച്ചില്ലെന്നാണ് സപ്ലൈകോയുടെ വിശദീകരണം.

140 എം.എല്‍.എമാര്‍ക്കും രണ്ടായിരം രൂപയുടെ സൗജന്യഒാണക്കിറ്റ്. സ്വകാര്യകമ്പനി ഉല്‍പന്നങ്ങളുടെ വില്‍പന വര്‍ധിപ്പിക്കാന്‍ പ്രത്യേക സമ്മാനപദ്ധതി. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പാവപ്പെട്ടവര്‍ക്ക് ഒാണക്കിറ്റ് നിഷേധിക്കുമ്പോഴും സപ്ലൈകോയില്‍ ധൂര്‍ത്തിനൊട്ടും കുറവില്ല. നേരത്തെ ബി.പി.എല്‍ കാര്‍ഡുകാര്‍ക്കെല്ലാം സൗജന്യ ഒാണക്കിറ്റ് നല്‍കിയിരുന്നു. എന്നാല്‍ ഭക്ഷ്യഭദ്രതനിയമം നടപ്പാക്കിയതോടെ അഞ്ചുലക്ഷത്തോളം വരുന്ന അന്ത്യോദയ അന്നയോജനക്കാര്‍ക്ക് മാത്രമാക്കി. എന്നാല്‍ ഇത്തവണ അതും മുടങ്ങി.

കിറ്റിന് ധനവകുപ്പാണ് പണം നല്‍കേണ്ടതെന്നും ഇത്തവണ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നുമാണ് സപ്ലൈകോ എം.ഡി പറയുന്നത്. അതേസമയം അന്ത്യോദയക്കാര്‍ക്ക് മാസം 35 കിലോ അരി സൗജന്യമായി ലഭിക്കുന്നുണ്ടെന്നും പട്ടികവിഭാഗക്കാര്‍ക്ക് ബന്ധപ്പെട്ട വകുപ്പ് കിറ്റ്നല്‍കുന്നുണ്ടെന്നുമാണ് ഭക്ഷ്യവകുപ്പിന്റ വിശദീകരണം. റേഷന്‍കട വഴി നല്‍കിയിരുന്ന സ്പെഷല്‍പഞ്ചസാരയും സാമ്പത്തിക പ്രതിസന്ധി കാരണം വേണ്ടെന്ന് വച്ചിരുന്നു.