സ്വന്തം തോട്ടത്തിലെ പച്ചക്കറികള്‍കൊണ്ട് ഓണസദ്യ; മാതൃകയായി വിദ്യാര്‍ഥികൾ

അതിരപ്പിള്ളി വെട്ടിക്കുഴിയിലെ സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും ഇക്കുറി ഓണസദ്യ ഒരുക്കുന്നത് സ്വയം കൃഷി ചെയ്ത പച്ചക്കറികള്‍ ഉപയോഗിച്ചാണ്. ഒരേക്കര്‍ ഭൂമിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ കൃഷിയില്‍ നൂറുേമനിയാണ് വിജയം.  

അതിരപ്പിള്ളി വെട്ടിക്കുഴി നോട്ടര്‍ ഡേം സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണിത്. അതിരപ്പിള്ളിയുടെ കാര്‍ഷിക പ്രതാപം വീണ്ടെടുക്കാനാണ് ഈ കൃഷിപാഠം. സ്കൂള്‍ വിളപ്പിലെ ഒരേക്കര്‍ ഭൂമിയില്‍ വിവിധയിനം പച്ചക്കറികള്‍ നട്ടു. അര ഏക്കറില്‍ നെല്‍കൃഷിയും. നല്ലപാഠം പദ്ധതിയുടെ ഭാഗമായാണ് ഈ പ്രയത്നം. കൃഷി ഉദ്യോഗസ്ഥരുടെ പ്രോല്‍സാഹനവും സ്കൂളിന് ലഭിച്ചു. 

വെണ്ട, പയർ പടവലം, ഇഞ്ചി, പച്ചമുളക് തുടങ്ങി കൃഷി ചെയ്ത ഇനങ്ങളെല്ലാം സുലഭമായി വിളവു നല്‍കി. കൃഷിയിടത്തില്‍ ജൈവവളമാണ് ഉപയോഗിച്ചത്. പച്ചക്കറി കൃഷി വീണ്ടും തുടരണമെന്നാണ് വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും ആഗ്രഹം.