വീഴാതെ കരുതലായി ഇർഫാസിന് കൂട്ട് സഹപാഠികൾ; തണലേകി നന്മമനസ്സുകളും

ജന്മനാ നടക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥിക്കും മാതാവിനുംവേണ്ടി കൈകോര്‍ത്ത് സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരും കുട്ടികളും. കോഴിക്കോട് മണാശേരി സ്കൂളിലെ നാലാംക്ലാസുകാരന്‍ മുഹമ്മദ് ഇര്‍ഫാസിനും കുടുംബത്തിനുമാണ് സ്കൂള്‍ തണലാകുന്നത്. വരുമാനമാര്‍ഗത്തിനായി ഇര്‍ഫാസിന്റെ ഉമ്മയ്ക്കുവേണ്ടി കട തുടങ്ങാനൊരുങ്ങുകയാണ് അധ്യാപകരും രക്ഷിതാക്കളും.

ചുമരില്‍ പിടിച്ചു നടന്ന് ഇര്‍ഫാസിനെ ഒരുക്കുന്നത് ഉമ്മ സാജിതയാണ്. കസേരയിലും കിടക്കിയിലും ഇരുത്തിയാണ് ഒരുക്കുന്നത്. ഇരുന്നൂറ്റിയമ്പത് മീറ്റര്‍ അകലെയാണ് റോഡ്. വല്ല്യുമ്മ ആയിഷ ഇര്‍ഫാസിനെ എടുത്ത് ഓട്ടോറിക്ഷയിലെത്തിക്കും. സ്കൂളിലെത്തിക്കഴിഞ്ഞാല്‍ ഇര്‍ഫാസിന്റെ രക്ഷിതാക്കള്‍ സഹപാഠികളാണ്. പ്രിയ സുഹൃത്ത് സൂര്യ വീല്‍ ചെയറുമായെത്തും. കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ഇര്‍ഫാസിനെ ക്ലാസില്‍ മുറിയിലെത്തിക്കും. ബെഞ്ചില്‍ കയറ്റി ഇരുത്തുന്നതും കൂട്ടുകാര്‍ തന്നെ. ഇടവേളകളില്‍ നടക്കാന്‍ പഠിപ്പിക്കുന്നതും സഹപാഠികളാണ്. വീഴാതെ കരുതലായി ഇര്‍ഫാസിനൊപ്പം ഇവരുണ്ടാകും. രാഹുല്‍ ഗാന്ധിയെ കാണുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനും കൂട്ടുകാരും അധ്യാപകരും ഒപ്പം നിന്നു.

ശുചിമുറിയില്‍ പോകാനും പൊതുപരിപാടികളില്‍ പങ്കെടുക്കാനും അധ്യാപകരാണ് സഹായിക്കുന്നത്. സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ ഇര്‍ഫാസിനെ ഓട്ടോറിക്ഷയില്‍ കയറ്റി ഇരുത്തിയശേഷമെ സഹപാഠികള്‍ മടങ്ങു.