കുരുന്നു മനസിലെ വലിയ കാഴ്ചകൾ; കൗതുകമായി ചിത്രപ്രദർശനം

കൊച്ചു മനസുകളിലെ വലിയ കാഴ്ചകളുമായി കൊച്ചിയില്‍ ചിത്രരചനാ മല്‍സരം. ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ സംഘടിപ്പിച്ച ചിത്രരചനാ മല്‍സരത്തില്‍ 35 സ്കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് പങ്കെടുത്തത്. മൊണ്ടാഷ് എന്നായിരുന്നു കുട്ടികളുടെ മനസിലെ ഭാവനകള്‍ ചേര്‍ത്തിണക്കിയ ചിത്രപ്രദര്‍ശനത്തിന്‍റെ പേര്. 

ജീവിതവും സങ്കല്‍പവും സ്വപ്നങ്ങളും നിറഞ്ഞുനിന്ന ക്യാന്‍വാസുകള്‍ കാഴ്ച്ചക്കാരില്‍ വിസ്മയമുണര്‍ത്തി. ഒാരോ ചിത്രവും ഒന്നിനൊന്നു മെച്ചം. കാക്കനാട് വരുണവിദ്യാലയത്തിലെ പത്താം ക്ലാസുകാരന്‍ മാനുവല്‍.കെ.മാത്യുവാണ് ഒന്നാമതെത്തിയത്. ഭാരതീയ സംസ്കാരവും സമകാലീനതയുമാണ് മാനുവലിന്‍റെ കാന്‍വാസില്‍ വിരിയുന്നത്. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന സന്ദേശവുമായി അഞ്ചാം ക്ലാസുകാരി ശ്രീലക്ഷ്മി വരച്ച ചിത്രവും ഏറെ ആസ്വാദകപ്രശംസ നേടി.മൂന്നര വയസില്‍ വരയുടെ ലോകത്തെത്തിയ ശ്രീലക്ഷ്മി ആദ്യമായാണ് വലിയ കാന്‍വാസിലേക്ക് ചിത്രങ്ങള്‍ പകര്‍ത്തുന്നത്. 

ചായക്കൂട്ടുകളാല്‍ വിസ്മയം തീര്‍ത്ത ചിത്രങ്ങള്‍ക്കിടയില്‍ നിറമില്ലെങ്കിലും ചിരിച്ചു നില്‍ക്കുന്ന ഒ.എന്‍.വി യും, ബഷീറും,കുഞ്ഞുണ്ണി മാഷും ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. എളംകുന്നപ്പുഴ ഗവ.എച്ച്.എസിലെ ഇര്‍ഫാന്‍ അസദ് ആണ് ജീവന്‍ തുടിക്കുന്ന ഈ വരകള്‍ക്ക് പിന്നില്‍. ചിത്രരചന പഠിക്കാത്ത ഇര്‍ഫാന് നിറങ്ങളേക്കാള്‍ ഇഷ്ടം പെന്‍സിലാണ്. കുരുന്നുകള്‍ നിറങ്ങളാല്‍ കഥപറയുന്ന ക്യാന്‍വാസുകളുടെ പ്രദര്‍ശനം ഈ മാസം ഇരുപത്തിയഞ്ച് വരെ കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടക്കും.