കാക്കിയഴിച്ച സെൻകുമാർ ; ഇനി കറുത്ത ഗൗണിൽ; എൻറോൾ ചെയ്തു

നിയമപോരാട്ടത്തിലൂടെ പിണറായി സര്‍ക്കാരിനെ മുട്ടുകുത്തിച്ച മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. പൊതുപ്രവർത്തന രംഗത്ത് സജീവമായി തുടരാൻ  അഭിഭാഷകവൃത്തി സഹായിക്കുമെന്ന് സെൻകുമാർ പറഞ്ഞു.  നിയമ പോരാട്ടങ്ങൾ ജീവിതത്തിന്റെ ഭാഗമാണെങ്കിലും സ്വന്തം കേസുകൾ വാദിക്കാൻ താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി

നിയമ പോരാട്ടങ്ങൾ മുൻ ഡിജിപി ടിപി സെൻകുമാറിന്റെ ജീവിതത്തിന്റെ ഭാഗമാണ്. സർവീസുമായി ബന്ധപ്പെട്ടും ശബരിമല കർമസമിതിയുടെ ഹർത്താലുമായും ബന്ധപ്പെട്ട് ഒട്ടേറെ കേസുകളിൽ സെൻകുമാർ നിയമപോരാട്ടം തുടരുകയാണ്. പൊലീസ് ജോലി വിടേണ്ടി വന്നാൽ  അഭിഭാഷകനാകാൻ നേരത്തേ പദ്ധതിയിട്ടിരുന്നുവെന്ന് സെൻകുമാർ വെളിപ്പെടുത്തി.

ഭരണഘടനാ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വാദിക്കാനാണ് കൂടുതൽ താൽപര്യമെന്നും സെൻകുമാർ കൂട്ടിച്ചേർത്തു. പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും അഭിഭാഷകജീവിതവും മുന്നോട്ടുകൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ് സെൻകുമാർ.