‘അന്തിമ വിധി വരുന്നത് വരെ തൂക്കിക്കൊല്ലാറില്ല’; സർക്കാരിനോട് ടി.പി സെൻകുമാർ; കുറിപ്പ്

ശബരിമല വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി വന്നെങ്കിലും ചർച്ചകൾ പുരോഗമിക്കുന്നത് മറ്റൊരു തരത്തിലാണ്. നിലവിൽ യുവതി പ്രവേശനം അനുവദിച്ചുള്ള വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല എന്നത് ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ഇത്തവണയവും ശബരിമലയിൽ സന്ദർശനത്തിനെത്തുമെന്ന് വ്യക്തമാക്കി യുവതികളും രംഗത്തുണ്ട്. ഇക്കാര്യത്തിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ടി.പി സെൻകുമാറിന്റെ കുറിപ്പ് ശ്രദ്ധനേടുകയാണ്. 

‘ചില ചാനലുകളിലെ ജോളിമാരുടെ തന്ത്രങ്ങളിൽ സർക്കാർ വീഴരുത്. പഴയവിധി പുന പരിശോധിക്കുമ്പോൾ അതിന്റെ അർത്ഥം സെപ്റ്റംബർ 28 2018 ന്റെ വിധി ഇനി നിർണയിക്കുക 7 അംഗ ബഞ്ച്. തൂക്കി കൊല്ലാൻ വിധിക്കപ്പെട്ടയാളുടെ റീവ്യൂ സ്വീകരിച്ചാൽ പിന്നെ അതിന്റെ വിധി വരുന്നവരെ അയാളെ തൂക്കി കൊല്ലാൻ ആകില്ല.അതു തന്നെയാണ് ഇവിടെയും സ്ഥിതി.’ സെൻകുമാർ കുറിച്ചു. അന്തിമ വിധി വരുന്നതുവരെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ ശ്രമിക്കരുതെന്ന് വാദിച്ചാണ് സെൻകുമാർ എത്തിയിരിക്കുന്നത്.

ശബരിമലയിൽ യുവതീ പ്രവേശം അനുവദിച്ച വിധിക്കെതിരായ പുന:പരിശോധന ഹർജികൾ സുപ്രീംകോടതി ഏഴംഗ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയോട് ജസ്റ്റിസുമാരായ ഇന്ദു മൽഹോത്രയും എ.എൻ ഖാൻവിൽക്കറും യോജിച്ചപ്പോൾ ജസ്റ്റിസുമാരയ ആർ.എഫ്‌ നരിമാനും ഡി.വൈ ചന്ദ്രചൂഢും വിയോജിച്ചു. അതേസമയം യുവതി പ്രവേശം അനുവദിച്ചുള്ള വിധി കോടതി സ്റ്റേ ചെയ്തില്ല.  

മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരം എന്താണ്, അത്തരം ആചരങ്ങളിൽ കോടതിക്ക് ഇടപെടാൻ ആകുമോ എന്നീ വിഷയങ്ങളിൽ വിശദമായി പരിശോധിക്കേണ്ടതുണ്ട് എന്ന് പറഞ്ഞാണ്  യുവതി പ്രവേശ വിധിക്ക് എതിരായ പുന:പരിശോധന ഹർജികൾ ഏഴംഗ വിശാല ബെഞ്ചിന് വിടാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിൽ ഉള്ള ഭൂരിപക്ഷ വിധി. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുമ്പോൾ കോടതി ജാഗ്രത പാലിക്കണം. സമാനമായ പ്രശ്നങ്ങൾ പല മതങ്ങളിലും നിലനിൽക്കുന്നുണ്ട്. 

യുവതി പ്രവേശന വിധിക്കെതിരെ പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ആണ് ജസ്റ്റിസ് നരിമാൻ വിയോജന വിധിയിൽ ഉയർത്തുന്നത്. സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചാൽ എല്ലാവർക്കും ബാധകം ആണ്. കോടതി വിധികളെ  അട്ടിമറിക്കാൻ ഉള്ള സംഘടിത ശ്രമങ്ങളെ ശക്തമായി നേരിടണം എന്നും വിധിയിൽ പറയുന്നു.