അമൃതിനെ കണ്ട് ഐപിഎസുകാർ പഠിച്ചെങ്കിൽ; എസ്ഐയെ തുണച്ച് സെൻകുമാർ

എസ്എഫ്ഐ നേതാക്കളെ മർദിച്ച നടപടി ചോദ്യം ചെയ്ത സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന് ഫോണിലൂടെ മറുപടി നൽകിയ എസ്ഐ അമൃത് രംഗനെ അഭിനന്ദിച്ച് മുൻ ഡിജിപി  ടി പി സെൻകുമാർ. അമൃത് രംഗന് തന്റെ സല്യൂട്ടെന്ന് സെൻകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് ഐപിഎസുകാർ പഠിച്ചിരുന്നെങ്കിൽ കേരള പൊലീസ് എത്ര നന്നായേനെയെന്നും സെൻകുമാർ പറഞ്ഞു. 

അതേസമയം ഓഡിയോ പ്രചരിച്ചതിന് പിന്നാലെ എസ്ഐക്ക് സക്കീര്‍ ഹുസൈൻ മറുപടി നൽകിയിരുന്നു. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് എസ്ഐയുടെ സ്ഥിരം പരിപാടിയാണെന്ന് സക്കീർ ഹുസൈൻ ആരോപിച്ചു. മേലുദ്യോഗസ്ഥരുടെ അടക്കം ഫോൺ സംഭാഷണം കളമശ്ശേരി എസ്ഐ റെക്കോർഡ് ചെയ്യാറുണ്ടെന്നും സക്കീർ ഹുസൈൻ ആരോപിച്ചു. എസ്ഐയുടെ രാഷ്ട്രീയ നിലപാടുകളും തന്റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തു പുറത്തു വിടാൻ കാരണമാണ് ഇതിനെതിരെ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഫോൺ സംഭാഷണം മനഃപൂർവം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയാറായിട്ടുണ്ടെങ്കിൽ അത് നിസാരമായി കാണാൻ കഴിയില്ലെന്ന് ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ പ്രാദേശിക തലത്തിലെ ഒരു ജൂനിയർ ഉദ്യോഗസ്ഥൻ മാത്രമാണെന്നും അവർ അതിമാനുഷരാണെന്നു കരുതി ആരാധിക്കരുതെന്നും ബൽറാം കുറിച്ചു.

കഴിഞ്ഞ ദിവസമാണ് സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനും എസ്ഐ അമൃത് രംഗനു തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായത്. കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിനു പിന്നാലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനു പിന്നാലെ എസ്എഫ്ഐ നേതാവിനെ പൊലീസ് ജീപ്പിൽ കയറ്റികൊണ്ടുപോയതിൽ എസ്ഐയെ ഭീഷണിപ്പെടുത്തുന്നതിനായിരുന്നു സക്കീർ ഹുസൈൻ വിളിച്ചത്. എന്നാൽ എസ്ഐ ചുട്ടമറുപടി നൽകിയതോടെ തിരിച്ചൊന്നും പറയാതെ നേതാവ് ഫോൺവച്ചു.