വിരണ്ടോടി പോത്ത്; ഏഴ്മണിക്കൂർ നാട് മുൾമുനയിൽ; ഒടുവിൽ സംഭവിച്ചത്

ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയ പോത്ത് വയോധികയെ കുത്തിപ്പരുക്കേൽപ്പിച്ചും കണ്ണിൽ കണ്ടവരെയെല്ലാം ഇടിച്ചിട്ടും നാട്ടിലാകെ 7 മണിക്കൂറോളം പരിഭ്രാന്തി പടർത്തി. ഒടുവിൽ കയർകൊണ്ടു കുരുക്കിട്ട് പിടിച്ചു കെട്ടി. ഇന്നലെ രാവിലെ പറക്കോട്ട് നിന്ന് വിരണ്ടോടിയ പോത്തിനെ വൈകിട്ട് 5.30ന് നെടുമൺ കവലയ്ക്കു സമീപത്തുള്ള പറമ്പിലാണ് കൂരുക്കിട്ട് കെട്ടിയത്. അടൂർ കണ്ണങ്കോട് കൊച്ചുവിളയിൽ അബ്ദുല്ല റാവുത്തറുടെ ഭാര്യ ജമീല ബീവിയെയാണ്(75) കുത്തിപ്പരുക്കേൽപ്പിച്ചത്.

ഇവരെ ഗുരുതര പരുക്കുകളോടെ ചായലോട്ടുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.കലഞ്ഞൂരിൽ നിന്ന് പറക്കോട്ട് കൊണ്ടു വന്ന പോത്താണ് മിനി ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ കൊണ്ടുവന്നവരുടെ കൈകളിൽ നിന്ന് പിടിവിട്ട് ഓടിയത്. പറക്കോട് സർവീസ് സഹകരണ ബാങ്കിനു സമീപത്തു നിന്ന് ഓടിയ പോത്ത് കോട്ടമുകൾ ഭാഗത്തു കൂടി വടക്കടത്തുകാവ് റോഡിലൂടെ കോട്ടമുകൾ മിനി കവലയിൽ എത്തിയ അവിടെ കടയ്ക്കരുകിൽ നിന്ന് ജമീലയെ കുത്തി വീഴ്ത്തിയിട്ട് അറുകാലിക്കലിലേക്ക് പോകുന്ന കനാൽ റോഡിലൂടെ ഓടി. ഈ സമയത്ത് റോഡിൽ ഉണ്ടായിരുന്ന രണ്ടു മൂന്നു പേരെ ഇടിച്ചിട്ടതായും പറയുന്നു.

പോത്തിനെ കൊണ്ടുവന്നവർ പിന്നാലെ ഓടി പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉച്ചയ്ക്ക് 12.30ന് നെടുമൺ പോസ്റ്റ് ഓഫിസിനു സമീപത്ത് വന്ന് കനകഗിരി കളിപ്പറമ്പിൽ വീടിന്റെ ഗേറ്റ് വഴി അകത്തു കടന്ന് റബർതോട്ടത്തിലേക്ക് ഓടിക്കയറി അവിടെ നിലയുറപ്പിച്ചു. ഈ സമയം  കുരുക്കിട്ട് പിടിക്കാൻ ശ്രമങ്ങൾ തുടങ്ങി. അപ്പോഴേക്കും പഞ്ചായത്ത് അംഗം ശ്രീദേവി ബാലകൃഷ്ണൻ വില്ലേജ് ഓഫിസർ ആർ. ഹരീന്ദ്രനാഥുമായി ബന്ധപ്പെട്ടതനുസരിച്ച് അടൂരിൽ നിന്ന് ജവഹർ ജനാർദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും അഗ്നിശമന സേനയും സ്ഥലത്തെത്തി. പിന്നീട് പോത്തിനെ കാണാൻ നാട്ടുകാരും കൂടി.ഒടുവിൽ വൈകിട്ട് 5.30നാണ് അവിടെ വന്ന യുവാക്കളാണ് റബർ മരത്തിനു മുകളിൽ കയറിട്ട് കഴുത്തിലും കാലിലുമായി കുരുക്കിട്ട ശേഷം കെട്ടിയത്.

പിന്നീട് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ.കെ. തോമസ്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. ഡി. ഷൈൻകുമാർ, ഡോ. അജിത് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പോത്തിനെ ശാന്തനാക്കുന്നതിനുള്ള മയക്കു മരുന്നു നൽകി. സംഭവവുമായി ബന്ധപ്പെട്ട് പോത്തിനെ അലക്ഷ്യമായി കൊണ്ടു വന്നതിനും അപകടമുണ്ടാക്കിയതിനും പോത്തിനോട് ക്രൂരമായി പെറുമാറിയതിനും പോത്തിന്റെ ഉടമസ്ഥനെതിരെ കേസെടുത്തു. ഈ കേസ് തീരും വരെ പോത്തിനെ പാരിപാലിക്കണമെന്നും അതുവരെ കൈമാറാൻ പാടില്ലെന്നും വെറ്ററിനറി സംഘം ഉടമസ്ഥന് നിർദേശവും നൽകി.പോത്തിനെ പറക്കോട്ടുള്ള വീട്ടിലെ ആവശ്യത്തിന്  കൊണ്ടു വന്നതാണെന്ന് പറയുന്നു.