കിടപ്പിലായ മകൾ, ഇല്ലാതായ വീട്; ഇനി എന്തുചെയ്യണമെന്നറിയാതെ പത്മിനി

കിടപ്പിലായ മകളെ ശുശ്രൂഷിക്കേണ്ടിയിരുന്ന പത്മിനി ഇന്നലെ ദുരിതാശ്വാസ ക്യാംപ് വിട്ടുപോയില്ല. എങ്ങാനും പോയാൽ സർക്കാരിൽനിന്നു കിട്ടുന്ന എന്തെങ്കിലും സഹായം ഇല്ലാതാകുമോയെന്ന ഭയമായിരുന്നു കാരണം. മൂത്തമകൾ ദീപയെക്കുറിച്ചുള്ള ആശങ്കകളോടെയാണ് വട്ടപ്പൊയിൽ ചെറുകാട് പുത്തൻവീട്ടിൽ കൃഷ്ണനും ഭാര്യ പത്മിനിയും നിലമ്പൂർ ആശുപത്രിമുക്കിലെ ഗവ.മോഡൽ ജിയുപി സ്കൂൾ ക്യാംപിൽ കഴിയുന്നത്. പക്ഷാഘാതം വന്നു കിടപ്പിലാണ് ദീപ.

ഭക്ഷണവും മറ്റു കാര്യങ്ങളും ട്യൂബിലൂടെ. വെള്ളമുയർന്നതോടെ നാട്ടുകാർ സഹായിച്ച് വണ്ടൂരിലെ ഇളയമകളുടെ വീട്ടിലാക്കിയതാണ്. മകൾക്കു ഫിസിയോതെറപ്പിയടക്കം നടത്തേണ്ടതിനാൽ പകൽ ക്യാംപിൽ കഴിച്ചുകൂട്ടി രാത്രിയാകുമ്പോഴേക്കും ഓടുകയായിരുന്നു പതിവ്. ഇന്നലെ അതും നടന്നില്ല. വട്ടപ്പൊയിലിലെ ഇവരുടെ കട്ടകൊണ്ടു നിർമിച്ച വീട് പ്രളയമെടുത്തു. കിടക്കയും വീട്ടു സാധനങ്ങളുമെല്ലാം പുറത്താണ്. ഒന്നും ഇനി ഉപയോഗിക്കാൻ വയ്യ. വീടിന്റെ ചുമരെല്ലാം ഇടിഞ്ഞു കഴിഞ്ഞു. ഉള്ളിലേക്കു പോകുന്നതു പോലും അപകടകരം. നാളെയെന്തെന്ന് ചോദിക്കുമ്പോഴേ പത്മിനിയുടെ ശബ്ദം മുറിയും.

കൂലിപ്പണിയായിരുന്നു കൃഷ്ണന്. ഇപ്പോൾ പ്രായമായതിനാൽ ജോലിക്കു പോകാൻ വയ്യ. 3 പെൺമക്കളാണ്. 6 മാസം മുൻപ് ഒരു പനിയുടെ രൂപത്തിലാണ് ദീപയ്ക്ക് പക്ഷാഘാതം വന്നത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് 4 ലക്ഷം രൂപയായി. എല്ലാം നാട്ടുകാരുടെ സഹായം. ദീപയുടെ ഭർത്താവിന് വിദേശത്ത് ചെറിയ ജോലിയാണ്. നിലമ്പൂർ വട്ടപ്പൊയിലിലെ അഞ്ചു വീടുകൾ ഇനി ഉപയോഗിക്കാൻ കഴിയാത്ത വിധം തകർന്നിരിക്കുകയാണ്. അന്നത്തെ അന്നത്തിനു കൂലിപ്പണിയെടുത്തു ജീവിക്കുന്ന ഇവരെപ്പോലെയുള്ളവർക്ക് ഇനി മുന്നോട്ടു പോകാൻ എല്ലാവരുടെയും സഹായം കൂടിയേ തീരൂ.