ഹൃദയനഗരത്തിൽ വെള്ളം ഇരച്ചെത്തി; വീട് വിട്ട് ഓടി ജനങ്ങൾ; പ്രതിഷേധം

കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടിലായ കാസര്‍കോട് ഞാണിക്കടവിലും, പരിസരപ്രദേശങ്ങളിലുമുള്ളവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരുസഹായവും ലഭിച്ചില്ലെന്ന് ആക്ഷേപം. അന്‍പത് കുടുംബങ്ങളാണ് ഇവിടെ കഴിഞ്ഞ രണ്ടുദിവസമായി വെള്ളക്കെട്ടില്‍ അകപ്പെട്ടിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ പലരും ബന്ധുവീടുകളിലേയ്ക്ക് താമസം മാറി.

കാസര്‍കോട് ജില്ലയുടെ ഹൃദയനഗരമായ കാഞ്ഞങ്ങാടും, പരിസരപ്രദേശങ്ങളുമാണ് പെരുമഴയുടെ ദുരിതങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത്. നഗരത്തില്‍ നിന്ന് കിലോമിറ്ററുകള്‍ മാത്രം അകലെയുള്ള ഞാണിക്കടവില്‍  ഏതാണ്ട് പൂര്‍ണമായി തന്നെ വെള്ളം കയറി. ഞാണിക്കടവിനെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന പാലത്തിനൊപ്പം വെള്ളമെത്തി. വീടുകളുടെ പടിക്കെട്ടുവരെ മഴവെള്ളമിരച്ചെത്തിയതോടെ പലരും ബന്ധുവീടുകളില്‍ അഭയം തേടി.

കാര്യങ്ങള്‍ ഇത്രത്തൊളം ഗുരുതരമായിട്ടും അധികൃതരാരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.കണ്‍ട്രോള്‍ റൂമിലടക്കം വിവരമറിയിച്ചിട്ടും ഒരു പ്രതികരണവുമില്ല. അരയി മേഖലയിലും വെള്ളക്കെട്ട് തുടരുകയാണ്. ദേശീയപാത അറുപത്തിയാറില്‍ കാഞ്ഞങ്ങാട് മുതല്‍ നീലേശ്വരം വരെയുള്ള ഭാഗങ്ങളിലും വെള്ളം കയറി.