പെരിങ്ങൽകുത്ത് ഇത്തവണ നേരത്തേ തുറന്നു; ചാലക്കുടി തീരങ്ങളിൽ ജാഗ്രത

കഴിഞ്ഞ പ്രളയകാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകിയ പെരിങ്ങല്‍ക്കുത്ത് ഡാം ഇക്കുറി നേരത്തെതന്നെ തുറന്നു. ഡാം സുരക്ഷാ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡാം പെട്ടെന്ന് തുറന്നത്.  

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചപ്പോഴേ ആളുകള്‍ ആലോചിച്ചത് കഴിഞ്ഞ വര്‍ഷത്തെ ഈ ദൃശ്യങ്ങളാണ്. വീണ്ടുമൊരു വന്‍നാശനഷ്ടം ഒഴിവാക്കാന്‍ അതീവ ശ്രദ്ധയോടെയായിരുന്നു കെ.എസ്.ഇ.ബി. അധികൃതര്‍. ഒപ്പം, ഡാം സുരക്ഷാ സമിതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും സമയാസമയത്തെത്തി. 424 മീറ്ററാണ് പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ സംഭരണ ശേഷി. സാധാരണ 420 മീറ്ററില്‍ ജലനിരപ്പ് എത്തുമ്പോഴാണ് തുറക്കാറുള്ളത്. ഇക്കുറി, അത് 418 മീറ്റര്‍ എത്തിയപ്പോഴേയ്ക്കും തുറന്നു. ഡാമിന്‍റെ ജലമേഖലയില്‍ കനത്ത മഴ പെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. നാല്‍പത്തിയെട്ടു മണിക്കൂറു കൊണ്ട് വന്‍തോതില്‍ നീരൊഴുക്ക് കൂടി. 

പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ നാലു ഷട്ടറുകളും തുറന്നിട്ടിട്ടുണ്ട്. മഴ ശമിച്ച്, ജലനിരപ്പ് താഴുന്നതു വരെ ഷട്ടര്‍ തുറന്നുതന്നെയിരിക്കും. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.