വീണ്ടും ചർച്ചയായി ഇന്നോവ; വല്ലാത്ത കഷ്ടമെന്ന് വാഹനപ്രേമികൾ; ഏറ്റെടുത്ത് ട്രോളൻമാർ

സൈബർ ഇടങ്ങളിൽ ഇടതുപക്ഷം പ്രതിസ്ഥാനത്ത് വരുമ്പോഴെല്ലാം ട്രോളുകളായി പ്രചരിക്കുന്ന ഒരു വാഹനമാണ് ഇന്നോവ. വീട്ടിൽ ഇന്നോവ തിരിയാനുള്ള സ്ഥലം ഉണ്ടോ എന്ന് അന്വേഷിക്കുന്ന കമന്റുകൾ വാർത്താ പോസ്റ്റുകളുടെ താഴെ സജീവമാകുന്നതും പതിവാണ്. ഒടുവിലിപ്പോ എ.എന്‍ ഷംസീറിനൊപ്പമുള്ള ഇന്നോവയും കേസിൽ കുടുങ്ങി സജീവ ചർച്ചയാവുകയാണ്. മലയാളിയുടെ പ്രിയ വാഹനങ്ങളിലൊന്നായ ഇന്നോവയുടെ പ്രതി പട്ടികയിലെ സ്ഥിര സാന്നിധ്യവും ട്രോളൻമാർ ഏറ്റെടുത്തിരിക്കുകയാണ്. ടി.പി ചന്ദ്രശേഖരൻ വധത്തിലടക്കം കേരളം ചർച്ച ചെയ്ത പല വിവാദങ്ങളിലും  ഇന്നോവയുമുണ്ട് എന്നതാണ് കൗതുകം. ഇപ്പോൾ സിപിഎം കണ്ണൂർ ജില്ല നേതൃയോഗത്തിൽ എ.എന്‍ ഷംസീല്‍ എംഎല്‍എ പങ്കെടുക്കാനെത്തിയത് സി.ഒ.ടി.നസീറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഇന്നോവ കാറിലായിരുന്നു. 

എ.എൻ.ഷംസീർ എം.എൽ.എയാണ് ഗൂഢാലോചന നടത്തിയതെന്ന് സിഒടി നസീർ മൊഴി നൽകിയിട്ടും ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേക്ക് അന്വേഷണം സംഘം  ഇതുവരെ കടന്നിട്ടില്ല. എം.എൽ.എ ബോർഡ് വച്ച് ഷംസീർ ഉപയോഗിക്കുന്ന കാറിൽ വച്ചാണ് മുൻ തലശേരി ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി എൻ.കെ.രാഗേഷ് കൊട്ടേഷൻ നൽകിയതെന്ന് പൊട്ടിയൻ സന്തോഷും മൊഴി കൊടുത്തിരുന്നു. എന്നാൽ കാറ് കസ്റ്റഡിയിലെടുക്കാനോ പരിശോധിക്കാനോ ഇതുവരേയും സാധിച്ചിട്ടില്ല.ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് അന്വേഷണ സംഘം പറയുന്നുണ്ടെങ്കിലും കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നെന്ന ആരോപണം ശക്തമാവുകയാണ്. ഗൂഢാലോചന നടന്നെന്ന് പറയപ്പെടുന്ന വാഹനത്തിൽ തന്നെയാണ് എ.എൻ.ഷംസീർ ഇപ്പോഴും സഞ്ചരിക്കുന്നത്. സഹോദരന്റെ പേരിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കാറിൽ നിന്നും  എം.എൽ.എ ബോർഡ് നീക്കം ചെയ്തിട്ടുണ്ട്.