മഴവെള്ളത്തിൽ തയ്യാറാക്കിയ ഔഷധക്ക‍ഞ്ഞി; പുത്തൻരുചിക്കൂട്ടുമായി കുടുംബശ്രീ

കര്‍ക്കടകം പ്രമാണിച്ച് തൃശൂരില്‍ കുടുംബശ്രീയുടെ വ്യത്യസ്തതരം  ഔഷധക്കഞ്ഞി. മഴവെള്ളം നേരിട്ട് പാത്രത്തില്‍ ശേഖരിച്ചുണ്ടാക്കുന്ന മഴക്കഞ്ഞിയാണ് ഏറ്റവും ആകര്‍ഷകം.

പഴം കഞ്ഞി മുതല്‍ ചായക്കഞ്ഞി വരെ. തൃശൂര്‍ എം.ജി. റോഡിലെ കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ എത്തിയാല്‍ വ്യത്യസ്ത തരം ഔഷധക്കഞ്ഞി കുടിച്ച് മടങ്ങാം. പതിനഞ്ചു തരം ഔഷധക്കഞ്ഞികള്‍. നിര്‍ത്താതെ മഴ പെയ്യുന്ന ദിവസങ്ങളാണ് സാധാരണ കര്‍ക്കടക മാസത്തില്‍. ഈ സമയത്ത് രോഗപ്രതിരോധ ശേഷി കുറവാണെന്നാണ് പഴമക്കാര്‍ പകര്‍ന്ന സന്ദേശം. അതുക്കൊണ്ട്, കര്‍ക്കടകം പിറന്നാല്‍ ഔഷധക്കഞ്ഞി കഴിക്കണം. ശരീരത്തിന്‍റെ പ്രതിരോധ ശേഷി കരുത്തുണ്ടാകണം. ഈ ഒറ്റചിന്തയിലാണ് ഔഷധിയുടെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോക്ടര്‍ കെ.എസ്.രജിതന്‍ കഴിഞ്ഞ കുറേവര്‍ഷമായി ഔഷധക്കഞ്ഞിയുടെ പ്രചാരകനായത്. ഇക്കുറി, ഔഷധക്കഞ്ഞി വിതരണം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം ക്ഷണിച്ചത് നടന്‍ ജയരാജ് വാര്യരെയായിരുന്നു. മഴക്കഞ്ഞി കുടിച്ചതിന്‍റെ ആവേശത്തിലായിരുന്നു ജയരാജ് വാര്യര്‍.

മുപ്പത്തിയഞ്ചു മുതല്‍ അറുപതു രൂപ വരെയാണ് വ്യത്യസ്ത കഞ്ഞികളുടെ നിരക്ക്. മുരിങ്ങയില കഞ്ഞി, ഉലവക്കഞ്ഞി, നെയ്ക്കഞ്ഞി തുടങ്ങി പുതിയതരം രുചിക്കൂട്ടുമായി കര്‍ക്കടകം കുടുംബശ്രീ സജീവമാക്കും.