മോഹിച്ച സ്ഥാനത്ത് എത്താനായില്ല; ശ്യാനിന്റെ ആത്മഹത്യാകുറിപ്പിലെ വാക്കുകൾ ഇങ്ങനെ

ദുരൂഹസാഹചര്യത്തിൽ കാണാതായ കോളജ് ഓഫ് എൻജിനീയറിങ്ങി(സിഇടി)ലെ രണ്ടാം വർഷ എം ടെക് വിദ്യാർഥി കോഴിക്കോട് വടകരസ്വദേശി ശ്യാൻ അനന്തപത്മനാഭന്റെ (26) ജീർണിച്ച മൃതദേഹം കാര്യവട്ടം ക്യാംപസിലെ കാട്ടിൽ കണ്ടെത്തി. ആറു ദിവസത്തോളം പഴക്കം വരുമെന്ന് പൊലീസ്.   താൻ മനസ്സിൽകരുതിയ സ്ഥാനത്ത് എത്താനാവാത്തതിലുള്ള മാനസികപിരിമുറുക്കം കൊണ്ട് ജീവനൊടുക്കുന്നുവെന്നെഴുതിയ ആത്മഹത്യാകുറിപ്പ് മൃതദേഹത്തിനു സമീപം നിന്നു ലഭിച്ചതായി പൊലീസ് അറിയിച്ചു.

ടെക്നോപാർക്കിലെ ജീവനക്കാരിയായ സഹോദരിയോടൊപ്പം പാങ്ങപ്പാറയിലുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്ന ശ്യാനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. ലൈബ്രറിയിൽ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ശ്യാൻ രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെതുടർന്ന് ബന്ധുക്കൾ കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മിഷണർക്കു പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ശ്യാനിന്റെ മൊബൈൽഫോൺ കാര്യവട്ടം-തൃപ്പാദപുരം പ്രദേശത്തെവിടയോ ഉള്ളതായി വിവരം ലഭിച്ചു. 

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ ഫോൺ ഓഫായതോടെ അന്വേഷണം അസാധ്യമായി. കാര്യവട്ടം ക്യാംപസിലെ സിസിക്യാമറ പരിശോധിക്കുമ്പോൾ സഞ്ചിതൂക്കിയ  യുവാവ് ക്യാംപസിനുള്ളിലെ ഹൈമവതീകുളത്തിന്റെ ഭാഗത്തേയ്ക്കു പോകുന്നതായി കണ്ടെത്തി. ബന്ധുക്കൾ ഇൗ ദൃശ്യം ശ്യാനിന്റേതാകാമെന്നു പറഞ്ഞതോടെ പൊലീസ് ഹൈമവതികുളത്തിലും, കാട്ടിലുമെല്ലാം അന്വേഷണം ന‌ടത്തിവരുകയായിരുന്നു.  

കോഴിക്കോട് പുത്തൂർ വരദയിൽ പത്മനാഭന്റെയും ശൈലജയുടെയും മകനാണ്. ബിടെക് പാസായശേഷം കുറെ നാൾ ബംഗളൂരൂവിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.  ഇന്നലെ ക്യാപസിലെ സെക്യൂരിട്ടി ജീവനക്കാർ പെട്രോളിങ് നടത്തുമ്പോൾ കാട്ടിനുള്ളിൽ നിന്നും ദുർഗന്ധം വന്നതിനെതുടർന്ന് അന്വേഷിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.