‘ഞാൻ നിരീശ്വരവാദി; മഴയ്ക്കായി നിങ്ങൾ ദൈവത്തോട് പ്രാർഥിക്കണം’; ട്രോൾ: വിഡിയോ

ചിത്രം, വിഡിയോ കടപ്പാട്: Drisya News

‘ഞാൻ നിരീശ്വരവാദിയാണ്. അതുകൊണ്ട് നിങ്ങൾ ദൈവത്തോട് പ്രാർഥിച്ചോ, വേഗം മഴ പെയ്യാൻ. ഇല്ലേൽ കട്ടപ്പൊകയാ.. അതുകൊണ്ട് എന്റെ പ്രിയ സഹോദരി സഹോദരൻമാർ നന്നായി ദൈവത്തോട് പ്രാർഥിക്കണം കൂട്ടപ്രാർഥന നടത്തിക്കോ..’ മന്ത്രി എംഎം മണിയുടെ ഇൗ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരു പൊതുപരിപാടിക്കിടയിലാണ് മന്ത്രിയുടെ ഇൗ പരാമർശം. നിരീശ്വരവാദിയായ മന്ത്രി മറ്റുള്ളവരോട് മഴ പെയ്യാൻ ദൈവത്തോട് പ്രാർഥിക്കണം എന്ന പറയുന്നതിന് പിന്നിലെ തമാശ ട്രോളൻമാരും ഏറ്റെടുത്തിരിക്കുകയാണ്. ഡാമുകൾ വെള്ളം കുറയുന്നതിന്റെ ആശങ്കയും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന മുന്നറിയിപ്പും പങ്കുവയ്ക്കുമ്പോഴാണ് മണിയുടെ ഇൗ ‘പ്രാർഥനാ’ പ്രസംഗം.

അതേസമയം സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു  18ന് ഇടുക്കി, മലപ്പുറം ജില്ലകളിലും 19ന്  ഇടുക്കി, എറണാകുളം,തൃശൂര്‍, മലപ്പുറം ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.  കേരളതീരത്ത് 50 കിലോമീറ്റര്‍ വേഗമുളള കാറ്റിന് സാധ്യതയുളളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശമുണ്ട്. നാളെ മുതല്‍ കോട്ടയം, ഇടുക്കി ജില്ലകളിലും മറ്റന്നാള്‍ എറണാകുളം , പാലക്കാട് ജില്ലകളിലും ഇരുപതാംതീയതി  പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  മുന്നറിയിപ്പുകള്‍ പ്രകാരം മുന്‍കരുതല്‍ നടപടികള്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഈമാസം 31 വരെ വൈദ്യുതി നിയന്ത്രണമില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന് ഇന്നലെ അറിയിച്ചിരുന്നു.