കവിത കൊണ്ട് പ്രകീർത്തിച്ച് തീർക്കാനാവില്ല; പിണറായിയെ കൊട്ടി വീണ്ടും ജയരാജൻ വാഴ്ത്ത്

‘ഇൗ ഇടങ്കയ്യനാൽ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരിൽ. വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീർത്തിച്ച് തീർക്കാവുന്ന ഒന്നല്ല ഞങ്ങൾക്ക് ‍ജയരാജേട്ടൻ..’ മുഖ്യമന്ത്രി പിണറായി വിജയനെ കൊട്ടിയും പി. ജയരാജനെ പരസ്യമായി പിന്തുണച്ചും പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ. സഭയിൽ‌ പിണറായി വിജയൻ നടത്തിയ ബിംബമെന്ന പരാമർശത്തെ അടക്കം വിമർശിച്ചാണ് ബോർഡിലെ എഴുത്തുകൾ. ഇതുവരെ സൈബർ ഇടങ്ങളിൽ സജീവമായിരുന്ന ജയരാജൻ അനുകൂലികൾ മറനീക്കി പുറത്തെത്തിയിരിക്കുകയാണ്,

തളിപ്പറമ്പ് നഗരസഭയിലെ മാന്ധംകുണ്ടിലും പരിസരങ്ങളിലുമാണ് പി.ജയരാജന്റെ ചിത്രവുമായി റെഡ് ആർമി എന്ന പേരിൽ ചുവപ്പുബോർഡുകൾ ഉയർന്നത്. ‘നിങ്ങൾ തളർന്ന് പോയാൽ ഇവിടെ സാമൂഹിക വിരുദ്ധർ തഴച്ചുവളരും, ഈ ഇടംകയ്യനാൽ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് കണ്ണൂരിൽ’ തുടങ്ങിയ വാചകങ്ങളും ബോർഡിലുണ്ട്. ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ പി.ജയരാജൻ വ്യക്തിപരമായ മഹത്വവൽക്കരണത്തിനു ശ്രമിക്കുന്നതായി പാർട്ടി നേതൃത്വത്തിൽ ആരോപണമുണ്ടാവുകയും, ജയരാജനെ ബിംബവൽക്കരിക്കുന്നതിനെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിക്കുകയും ചെയ്തിരുന്നു.

പി.ജെ.ആർമി എന്ന പേരിലുള്ള ഫെയ്സ്ബുക് കൂട്ടായ്മയോട് തന്നെ മഹത്വവൽക്കരിക്കുന്ന പ്രചാരണങ്ങളിൽ നിന്നു വിട്ടുനിൽക്കാൻ ജയരാജൻ തന്നെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇപ്പോഴും പേജിൽ ജയരാജൻ അനുകൂല പോസ്റ്റുകൾ സജീവമാണ്. ഇതിനൊപ്പമാണ് ഫ്ലെക്സ് ബോർഡുകളും സ്ഥാനം പിടിച്ചു തുടങ്ങിയത്. വിവാദകേന്ദ്രമായ ആന്തൂരിന്റെ സമീപപ്രദേശമാണു തളിപ്പറമ്പ്.