കായംകുളത്ത് തെരുവുനായ്ക്കൾ വിലസുന്നു; പത്തുപേർക്ക് കടിയേറ്റു

ആലപ്പുഴ കായംകുളത്ത് പത്തുപേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ഗുരുതരമായി പരുക്കേറ്റ നാലുപേരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെയും ഇവിടെ തെരുവ് നായ്ക്കള്‍ ആക്രമിച്ചിരുന്നു

മൂക്കിന് കടിയേറ്റവര്‍, കൈകളിലും പുറത്തും പരുക്ക് പറ്റിയവര്‍, മുഖത്ത് ആഴത്തില്‍ മുറിവേറ്റര്‍, കണ്ണിന് പരുക്ക് പറ്റാതെ ഭാഗ്യത്തിന് രക്ഷപ്പെട്ടവര്‍.. ഇങ്ങനെ നീളുന്നു തെരുവുനായയുടെ ആക്രമണത്തിന് ഇരയായവരുടെ പരുക്ക്. സ്കൂള്‍ കുട്ടികള്‍ക്ക് ഉള്‍പ്പടെയാണ് രാവിലെ കടിയേറ്റത്. കുട്ടികളുടെ മുഖത്തും കൈകളിലുമെല്ലാം മുറിവുണ്ട്. പുലര്‍ച്ചെ മുതല്‍ ഒന്നിലധികം നായകളാണ് പത്തുപേരെ കടിച്ചുകീറിയത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിലും വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം ചിറക്കടവം ഭാഗത്ത് ഫാമിലെ 50 ഓളം കോഴികളെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നിരുന്നു. വിലകൂടിയ മുയലുകള്‍ക്കും ആടുകൾക്ക് നേരെയും നായ്ക്കളുടെ ആക്രമണം ഉണ്ടായി. നഗരസഭ പരിധിയിൽ മാലിന്യം കുന്നുകൂടിയതാണ് തെരുവ് നായശല്യം വർധിക്കാൻ കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.