പൊലീസിൽ അർഹരെ തഴ‍ഞ്ഞ് 'പ്രമോഷന്‍'; അമർഷം പുകയുന്നു

പൊലീസില്‍ മാനസിക സമ്മര്‍ദം വര്‍ധിക്കുന്നൂവെന്ന ആക്ഷേപത്തിനൊപ്പം അര്‍ഹമായ സ്ഥാനക്കയറ്റം നിഷേധിച്ചെന്നും പരാതി. ഒന്നര പതിറ്റാണ്ടോളമായി ജോലി നോക്കുന്ന 86 എസ്.ഐമാരെയാണ് സി.ഐയിലേക്കുള്ള പ്രമോഷനില്‍ നിന്ന് ഒഴിവാക്കിയത്. രാഷ്ട്രീയ സമ്മര്‍ദമാണ് നടപടിക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. 

സിവില്‍ പൊലീസ് ഓഫീസറില്‍ നിന്ന്  പ്രമോഷനിലൂടെ എസ്.ഐയായ 14 പേര്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളില്‍ സി.ഐയായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. നേരിട്ട് എസ്.ഐയായ 86 പേരെ തഴഞ്ഞാണ് ഇവരുടെ സ്ഥാനക്കയറ്റമെന്നാണ് പരാതി. പ്രമോഷന്‍ നിഷേധിക്കപ്പെട്ടിരിക്കുന്ന 86 പേരും 2007ല്‍ എസ്.ഐയായവരാണ്. എന്നാല്‍ പ്രമോഷന്‍ ലഭിച്ചവരാകട്ടെ 2012ല്‍ എസ്.ഐയായവരും. ഇതോടെ സീനിയോറിറ്റിയും സര്‍വീസ് ചട്ടവും മറികടന്നാണ് സ്ഥാനക്കയറ്റമെന്നും വ്യക്തമാകുന്നു. രാഷ്ട്രീയ താല്‍പര്യപ്രകാരം ഇഷ്ടക്കാരെ സ്റ്റേഷന്‍ ചുമതലകളിലെത്തിക്കുന്നതിന്റെ ഭാഗമയാണ് ചട്ടലംഘനമെന്നും  ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ നീക്കത്തിനെതിരെ ആദ്യം തന്നെ എസ്.ഐമാര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയപ്പോള്‍ തെറ്റ് തിരുത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

മാത്രവുമല്ല നൂറിലേറെ സി.ഐ തസ്തിക ഒഴിഞ്ഞ് കിടക്കുമ്പോഴും ഇത്തരക്കാരെ പരിഗണിക്കുന്നുമില്ല. പതിമൂന്ന് വര്‍ഷത്തിലേറെയായി ലോക്കല്‍ പൊലീസില്‍ ജോലി നോക്കിയവരാണ് തഴയപ്പെട്ടവരിലേറെയും. ഇതോടെ ഇവരുടെ നിയന്ത്രണത്തില്‍ ജോലി നോക്കിയ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ സി.ഐയായി മാറുന്ന അവസ്ഥയാണ്. ജോലി ഭാരത്തിനും മാനസിക സമ്മര്‍ദത്തിനുമൊപ്പം നീതി നിഷേധം കൂടിയായതോടെ സേനയുടെ താഴെത്തട്ടില്‍ അമര്‍ഷം പുകയുകയാണ്.