മക്കൾ ഡാൻസ് ബാറിൽ വാരിവിതറുന്നത് പാർട്ടി ഫണ്ടിലെ പണം; ആരോപണവുമായി കുറിപ്പ്

ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. പ്രതിപക്ഷ നേതാക്കൾ ഇക്കാര്യം ഏറ്റെടുത്തതോടെ സൈബർ ഇടങ്ങളിലും ആരോപണങ്ങളും ട്രോളുകളും നിറയുകയാണ്. ബിഹാറിലെ ദരിദ്ര കുടുംബത്തിൽനിന്ന് ദുബായിൽ ബാർ ഡാൻസറായി എത്തിയ തനിക്ക് പല വിലകൂടിയ സമ്മാനങ്ങളും നൽകിയാണ് ബിനോയ് അടുത്തുകൂടിയതെന്നും അന്ധേരിയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പീഡനപരാതിയിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് പരാതിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്തെത്തിയത്. 

കേരളത്തിലെ പട്ടിണി പാവങ്ങൾ അധ്വാനിച്ച്‌ സമ്പാദിക്കുന്ന ദിവസക്കൂലിയിൽ നിന്നും മിച്ചം പിടിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്താൻ പാർട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് ഡാൻസ് ബാറുകളിൽ മക്കൾ വാരി വിതറുന്നതെന്നാണ് ബിന്ദു കൃഷ്ണ ആരോപിക്കുന്നത്. സ്ത്രീ സംരക്ഷണത്തിന്റെയും സുരക്ഷയുടെയും പേരിൽ അധികാരത്തിലേറിയ സർക്കാർ പീഡനക്കേസ് പ്രതികൾക്ക് സുരക്ഷ ഒരുക്കുന്നത് നാണക്കേടാണെന്നും ബിന്ദു കൃഷ്ണ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ തെളിവുകൾ നിരത്തിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. നോട്ടുകൾ തനിക്ക് നേരെ വാരിയെറിഞ്ഞാണ് ബിനോയ് പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. കേരളത്തിലെ പട്ടിണി പാവങ്ങൾ അധ്വാനിച്ച്‌ സമ്പാദിക്കുന്ന ദിവസക്കൂലിയിൽ നിന്നും മിച്ചം പിടിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്താൻ പാർട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് ഡാൻസ് ബാറുകളിൽ മക്കൾ വാരി വിതറുന്നത്.

കഴിഞ്ഞ വർഷം ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി വന്നപ്പോൾ സംരക്ഷിച്ചത് സംസ്ഥാന സർക്കാരാണ്. തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. തട്ടിപ്പ് നടത്തുന്ന സംസ്ഥാന മന്ത്രിസഭയിലുള്ള മന്ത്രിമാർ, എംഎൽഎ മാർ, പാർട്ടി സെക്രട്ടറി, അവരുടെ മക്കൾ, ബന്ധുക്കൾ എന്നിവരെയൊക്കെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ഇടതുപക്ഷ സർക്കാർ ഭരിക്കുന്നത്.ഇത് ലജ്ജാകരമാണ്. സ്ത്രീ സംരക്ഷണത്തിന്റെയും സുരക്ഷയുടെയും പേരിൽ അധികാരത്തിലേറിയ സർക്കാർ പീഡനക്കേസ് പ്രതികൾക്ക് സുരക്ഷ ഒരുക്കുകയാണ്.

യുവതി പരാതിയിൽ പറയുന്നത്:

ബിഹാറിലെ ദരിദ്ര കുടുംബത്തിൽ നിന്നുള്ള ആളായ താൻ 2007–ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് മുംബൈയിലെ സഹോദരിയുടെ വീട്ടിലെത്തിയത്. അവിടെവച്ചു ഡാൻസ് പഠിച്ചു. 2009 സെപ്റ്റംബറിലാണ് സുഹൃത്തിന്റെ സഹായത്തോടെ ദുബായിലെ ഡാൻസ് ബാറിൽ ജോലിക്കു കയറുന്നത്. ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ അവിടെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയിയുമായി പരിചയപ്പെട്ടു. മലയാളിയാണെന്നും ദുബായിൽ കെട്ടിട നിർമാണ ബിസിനസ് ചെയ്യുന്നുവെന്നുമാണു പറഞ്ഞത്. പിന്നീട് മൊബൈൽ നമ്പർ വാങ്ങിച്ച് സ്ഥിരമായി സംസാരിച്ചു. പലപ്പോഴും വിലകൂടിയ സമ്മാനങ്ങളും പണവും നൽകി. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു.

ബിനോയിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2009 നവംബറിൽ ഗർഭിണിയായി. 2010 ജൂലൈ 22ന് ആൺകുട്ടിക്കു ജന്മം നൽകി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു. 2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായിൽനിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണവും അയയ്ക്കുകയും വീടിന്റെ വാടകക്കരാർ കഴിയുമ്പോൾ പുതുക്കുകയോ പുതിയ വീട് എടുത്തു നൽകുകയോ ചെയ്തുപോന്നു.

2015ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട്, വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018ലാണ് ബിനോയ്ക്കെതരിരെ സാമ്പത്തിക തട്ടിപ്പ് കേസ് വരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോൺ എടുക്കാതെയായി. 2019 വിവാഹം ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ ബിനോയിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഭീഷണിപ്പെടുത്തി - പരാതിയിൽ പറയുന്നു.