കിടപ്പാടം വിട്ട് നെട്ടോട്ടമോടി 'കേരളത്തിന്റെ സൈന്യം'; മറന്നോ ഇവരെ

ആകാശം ഒന്നു കറുത്തിരുണ്ടപ്പോഴേക്കും കേരളത്തിന്റെ സൈന്യം കിടപ്പാടംവിട്ട് നെട്ടോട്ടമോടിത്തുടങ്ങി. തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷമായതും ട്രോളിങ് നിരോധനവുമാണ് പതിവ് പോലെ ഇത്തവണയും കടലിന്റെ മക്കളെ പട്ടിണിയിലേക്കും ദുരിതങ്ങളിലേക്കും തള്ളിവിടുന്നത്.

മറവിയുടെ മൂടുപടം വലിച്ചിടാൻ മാത്രം കാലമായിട്ടില്ല ഈ ദൃശ്യങ്ങൾക്ക് .തലയ്ക്ക് മീതെ വെള്ളം പൊങ്ങിയപ്പോൾ കരളുറപ്പോടെ സഹജീവികൾക്ക് രക്ഷാ കരങ്ങൾ നീട്ടിയ മൽസ്യത്തൊഴിലാളികളുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. മലപ്പുറം തണ്ണിത്തുറ തീരത്തെ ഹംസുവും പ്രളയകാലത്ത്  രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതാണ്. തോരാമഴയത്ത് ഇനി എവിടെ തല ചായ്ക്കുമെന്ന് ഹംസുവിനും കുടുംബത്തിനും അറിയില്ല. ന്യൂനമർദ്ദത്തെ തുടർന്ന് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരങ്ങളിൽ ഇതാണ് അവസ്ഥ. ഇന്നലെ വരെ അന്നം തന്ന കടൽ വന്യത പുറത്തെടുക്കുന്നു.

തെങ്ങുകൾ കടപുഴകുന്നത് തീരത്തെ പതിവ് കാഴ്ചയായി. ട്രോളിങ് നിരോധനത്തിന്റെ വറുതി ദുരിതം ഇരട്ടിപ്പിക്കുന്നു. മലപ്പുറത്ത് മാത്രം 100ന് അടുത്ത് വീടുകൾ ജനം ഒഴിഞ്ഞു. ഒരു കൈ സഹായം ഈ സൈന്യം ഇപ്പോൾ അർഹിക്കുന്നുണ്ട്. ചെയ്തു തന്ന സഹായങ്ങൾക്കുള്ള നന്ദിയായിട്ടെങ്കിലും ഇവരെ ഈ ദുരിതകാലത്ത് നമുക്ക് ചേർത്തു നിറത്താം.