കാൽവഴുതി ഒഴുക്കിൽ; ഒരു രാത്രി മുഴുവൻ പുഴയോരത്ത്; ഒടുവിൽ രക്ഷ

പെരിയാറിൽ തുണി അലക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപെട്ട വീട്ടമ്മ അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചു കയറി. വെള്ളിയാഴ്ച ഉച്ചയ്ക്കു കാണാതായ തോട്ടുവ ചെങ്ങാലിഞാലിൽ പരേതനായ മോഹനന്റെ ഭാര്യ ലീല(67)യെ അവശനിലയിൽ കരയിൽ കണ്ടെത്തിയത് ഇന്നലെ രാവിലെയാണ്. ഒരു രാത്രി മുഴുവൻ പുഴയോരത്ത് ഭയത്തോടെ കഴിഞ്ഞ് ജീവിതത്തിലേക്കു തിരിച്ചെത്തിയ ലീലയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വീടിനു സമീപത്തുള്ള തോട്ടുവ കടവിൽ ലീല അലക്കാൻ പോയത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ്. പുറത്തുപോയ ഇളയ മകൾ 2.30ന് വീട്ടിലെത്തിയപ്പോൾ അമ്മയെ കണ്ടില്ല. കൂലപ്പണിക്കാരിയായ ലീല ഉച്ചയ്ക്കു ചോറിനുള്ള അരി അടുപ്പത്തിട്ട ശേഷമാണ് അലക്കാൻ പോയത്. സമീപത്തെ വീടുകളിലും പറമ്പിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. വൈകിട്ട് നാലോടെ തോട്ടുവ കടവിൽ തുണിയും ചെരുപ്പും കണ്ടതോടെയാണ് ഒഴുക്കിൽപെട്ടെന്ന നിഗമനത്തിലെത്തിയത്.

തുടർന്ന് ഫയർഫോഴ്സും പൊലീസും തിരച്ചിൽ തുടങ്ങി. വെളിച്ചമില്ലാത്തതിനാൽ രാത്രിയോടെ ഫയർഫോഴ്സ് തിരച്ചിൽ നിർത്തി. മീൻപിടിത്തക്കാരായ നാട്ടിലെ ചെറുപ്പക്കാർ രാത്രിയും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ തിരച്ചിൽ സംഘത്തിലെ ബന്ധുവായ ധന്യനും സുഹൃത്ത് ജിജോയും തോട്ടുവ കടവിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ തിരയുന്നതിനെ ലീല ഇവരെ വിളിക്കുകയായിരുന്നു. തീരെ അവശനിലയിലായിരുന്നു ലീല. 

രക്ഷപെട്ടതിനെ കുറിച്ച് ലീല പറയുന്നു: ‘‘വഴുക്കലുള്ള ഭാഗത്ത് ചവിട്ടിയപ്പോഴാണ് ഒഴുക്കിൽപെട്ടത്. നീന്തൽ അറിയാമായിരുന്നതിനാൽ മുങ്ങിപ്പോയില്ല. കരയോട് ചേർന്ന് വള്ളിപ്പടർപ്പുകളിൽ പിടിച്ച് കിടന്നു. ഒഴുക്കിനൊപ്പം താഴേക്കു പോയി. കുറേ ദൂരം ചെന്നപ്പോഴാണ് കരയിൽ കയറാൻ കഴിഞ്ഞത്. ഉച്ചഭക്ഷണം കഴിക്കാതിരുന്നതിനാൽ അപ്പോഴേക്കും തീരെ തളർന്നു പോയിരുന്നു. ആൾതാമസമില്ലാത്ത സ്ഥലത്താണ് എത്തിപ്പെട്ടത്. വിളിച്ചിട്ടും ആരും വന്നില്ല. പിന്നെ രാത്രി മുഴുവൻ പേടിച്ചു വിറച്ചാണ് കാടും ഇല്ലിപ്പടർപ്പും നിറഞ്ഞ സ്ഥലത്തു കഴിഞ്ഞു കൂടിയത്’