ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; തിരഞ്ഞെടുപ്പ് പരാജയം ഭരണപക്ഷത്തിന് വെല്ലുവിളി

നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകുന്നു.  ജൂലൈ അഞ്ചാം തീയതിവരെ നീളുന്ന സമ്മേളനത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലംതന്നെയാവും നിറഞ്ഞു നില്‍ക്കുക. കേരളത്തില്‍ വന്‍വിജയം നേടിയ പ്രതിപക്ഷത്തിന് ദേശീയ ഭരണവും കേരളം ഭരിക്കുന്നവര്‍ക്ക് സംസ്ഥാനത്തെ മേല്‍കൈയ്യും നഷ്ടപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ ചേരുന്ന സഭസമ്മേളനത്തില്‍ രാഷ്ട്രീയം മാത്രമാവും ചര്‍ച്ചചെയ്യപ്പെടുക. 

പ്രതീക്ഷിച്ചതിനും അപ്പുറമുള്ള പരാജയത്തെ എങ്ങിനെ വിശദീകരിക്കുമെന്നതാണ് ഭരണപക്ഷത്തെ കുഴക്കുന്ന ചോദ്യം. എത്രകനത്തപരാജയമായാലും ശൈലിയൊന്നും മാറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ശബരിമല തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ലെന്ന അവകാശപ്പെടുന്ന മുഖ്യമന്ത്രി അതേശ്വാസത്തില്‍തന്നെ വിശ്വാസികള്‍ തെറ്റിധരിപ്പിക്കപ്പെട്ടെങ്കില്‍ അത് പരിശോധിക്കുമെന്നും പറയുന്നു. 

മുഖ്യമന്ത്രി ശൈലിമാറ്റാത്തതാണ് നല്ലതെന്ന് പ്രതിപക്ഷം പറയുന്നു. സംസ്ഥാനത്തെ ചരിത്ര വിജയത്തിന്‍റെ തിളക്കത്തിലും ദേശീയതലത്തിലെ കനത്ത തിരിച്ചടിയും അമേഠിയിലെ രാഹുലിന്‍റെ പരാജയവും പ്രതിപക്ഷത്തിന്‍റെ വാക്കുകളുടെ മൂര്‍ച്ച കുറക്കും. ദേശീയതലത്തിലെ പരാജയവും സംസഥാനത്തെ തിരിച്ചടിയും വിശദീകരിച്ചും ചര്‍ച്ചചെയ്തും പരസ്പരം പഴിചാരിയുമാവും ഈ നിയമസഭാ സമ്മേളനത്തിലുട നീളം ഭരണ പ്രതിപക്ഷങ്ങള്‍ മുന്നോട്ട് പോകുക.  മസാലബോണ്ടും, നവകേരള നിര്‍മ്മാണവും പ്രളയവും സ്വാഭാവികമായി ഉയര്‍ന്നു വരും. വലിയതടസ്സങ്ങളോ ബഹിഷ്ക്കരണമോ ഇല്ലാതെ ജൂലൈ അഞ്ച് വരെ സഭ സമ്മേളിക്കാനാണ് സാധ്യത.