ആ പരിഹാസ ‘നന്ദി’ എന്‍റേതല്ല; എന്റെ ശൈലി ഇതല്ല; മറുപടിയുമായി രമ്യ; ചര്‍ച്ചച്ചൂട്

ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ബിജുവിനെ വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്‍റെ പുതുമുഖം രമ്യാ ഹരിദാസ് തോൽപ്പിച്ചത്. സംസ്ഥാനത്തെ ഏറെ തിളക്കമുള്ള വിജയമായി രമ്യയുടേത് മാറുകയയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്ന സ്ഥാനാർഥി കൂടിയാണ് രമ്യ. രമ്യയുടെ വിജയത്തിന്റെ ആഘോഷങ്ങൾ തുടങ്ങിയത് തന്നെ ദീപ നിശാന്തിന്‍റെ ഫെയ്സ്ബുക്ക് പേജിലായിരുന്നു. 

ഇപ്പോഴിതാ രമ്യയുടെ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് പേജിൽ നിന്നും ദിപ ടീച്ചർക്ക് നന്ദി എന്ന സന്ദേശം പുറത്തു വന്നതാണ് പുതിയ ചര്‍ച്ച. ഇത് രമ്യയുടേതാണെന്ന് കരുതി ദീപാ നിശാന്തും പ്രതികരണവുമായി രംഗത്തെത്തി. ഈ സാഹചര്യത്തിൽ തന്റെ ഭാഗം ന്യായീകരിച്ച് രമ്യ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ്. 'ഞാൻ എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ആണ് ഉപയോഗിക്കുന്നത്. ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത വിഷയങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് എന്റേതല്ലാത്ത, ഞാൻ ഉപയോഗിക്കാത്ത എന്റെ അക്കൗണ്ടിൽ വന്നതായി അറിയാൻ കഴിഞ്ഞു. ഇത് തീർത്തും നിർഭാഗ്യകരമായ ഒരു കാര്യമാണ്'. രമ്യ വിശദീകരിക്കുന്നു.

'ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ ജനങ്ങൾ ഇത്രേം വലിയൊരു സ്നേഹം നൽകിയതെന്ന പൂർണ്ണ ബോധ്യമെനിക്കുണ്ട്, അതെന്റെ പൊതുപ്രവർത്തനത്തിന്റെ ശൈലിയുമല്ല .ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും ദയവായി അത് ഉപയോഗിക്കുന്നവർ പിൻവലിക്കണം'. നിയുക്ത എംപി അപേക്ഷിക്കുകയാണ്. ഒപ്പം തന്റെ യഥാർഥ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ ലിങ്കും രമ്യ ചേർത്തിട്ടുണ്ട്.

അബദ്ധം പിണഞ്ഞ് ദീപ നിശാന്ത് പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ: 'വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗൺസ്മെന്റ്. ശബരിമലയിൽ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം. നന്ദി വോട്ടർമാരേ നന്ദി. ചിരിച്ചുകൊണ്ട് കൈ വീശുന്ന 'പെങ്ങളൂട്ടി. പെങ്ങളൂട്ടിയുടെ പേജിൽ സൈബർബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമർപ്പണം. ഹൊ! കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല. എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈൻ (തള്ള് ലൈൻ) റെഡി. ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം. [വീടിന്റെ മുന്നിൽ ഒരു ബോർഡ് തൂക്കുന്നുണ്ട്. 'ചുരുങ്ങിയ ചിലവിൽ എം പിയാക്കിക്കൊടുക്കപ്പെടും. കടന്നു വരൂ കടന്നു വരൂ...]’. ര

ദീപ നിശാന്ത് അബദ്ധം തിരുത്തി മാപ്പ് പറയണമെന്നാണ് അണികൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. 

രമ്യയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സ്നേഹം നിറഞ്ഞ എന്റെ നാട്ടുകാർ അറിയാൻ, ഈ തെരഞ്ഞെടുപ്പു കാലത്ത് എനിക്ക് ഏറെ സാഹായകമായ ഒരു മാധ്യമമാണ് സോഷ്യൽ മിഡിയ. നാട്ടുകാരുമായുള്ള എന്റെ സനേഹത്തിന്റെ ഇഴയടുപ്പം കുട്ടാൻ ഈ സാമൂഹ്യ മാധ്യമങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷവും ഇതു നൽകന്ന പിന്തുണ ഏറെ വിലപ്പെട്ടതുമാണ്. ഞാൻ എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ആണ് ഉപയോഗിക്കുന്നത്. അതിൽ ഒന്ന് ഈ പേജാണ്. 

ആയതിന്റെ ലിങ്കുകൾ ചുവടെ ചേർക്കുന്നു. തെരഞ്ഞെടുപ്പിനു ശേഷം ഇപ്പോൾ അടുത്ത ദിവസങ്ങളിലായി ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത വിഷയങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് എന്റേ തല്ലാത്ത, ഞാൻ ഉപയോഗിക്കാത്ത എന്റെ അക്കൗണ്ടിൽ വന്നതായി അറിയാൻ കഴിഞ്ഞു.ഇത് തീർത്തും നിർഭാഗ്യകരമായ ഒരു കാര്യമാണ് . 

ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ ജനങ്ങൾ ഇത്രേം വലിയൊരു സ്നേഹം നൽകിയതെന്ന പൂർണ്ണ ബോധ്യമെനിക്കുണ്ട് , അതെന്റെ പൊതുപ്രവർത്തനത്തിന്റെ ശൈലിയുമല്ല . ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും ദയവായി അത് ഉപയോഗിക്കുന്നവർ പിൻവലിക്കണം. 

പല ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കുമുള്ള മറുപടി കൂടിയായിരുന്നു ഈ വിജയം,  അത് കൊണ്ട് തന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല , നമ്മുക്ക് ഒന്നിച്ചു മുന്നേറാം , ആലത്തൂരിന് വേണ്ടി . ഒരിക്കൽ കൂടി വാക്കുകൾക്ക് അതീതമായ നന്ദി അറിയിക്കുന്നു ..