മന്ത്രിപദത്തിനായി കേന്ദ്രനേതൃത്വത്തിന്റെ വിളികാത്ത് കേരളത്തിലെ ബിജെപി നേതാക്കൾ

മന്ത്രിപദത്തിനായി കേന്ദ്രനേതൃത്വത്തിന്റെ വിളികാത്ത് കേരളത്തിലെ ബിജെപി നേതാക്കളും. നിലവില്‍ രാജ്യസഭാംഗമായ വി മുരളീധരനും ഗവര്‍ണര്‍ പദവിയൊഴിഞ്ഞെത്തിയ കുമ്മനം രാജശേഖരനുമാണ് സാധ്യതാപട്ടികയില്‍. അതിനിടെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടി പുനസംഘടിപ്പിക്കണമെന്നും ഒരുവിഭാഗം നേതാക്കള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിസഭയില്‍ മലയാളികളെ ഉള്‍പ്പെടുത്തിയാല്‍ ഊഴംകാത്തുനില്‍ക്കുന്നവരില്‍ മൂന്ന് പേരുണ്ട്,അല്‍ഫോണ്‍സ് കണ്ണന്താനത്തെ നിലനിര്‍ത്തിയാലും മറ്റൊരാള്‍ക്കു കൂടി അവസരമുണ്ടാകും,അത് കുമ്മനമോ മുരളീധരനോ ആകാം,ആര്‍എസ്എസ്സിന്റെ അഭിപ്രായമാരാഞ്ഞാല്‍ നറുക്ക് കുമ്മനത്തിനാകും,മുരളീധരന്റെ സ്വാധീനമുപയോഗിച്ചാല്‍ മറുചോദ്യങ്ങളില്ലാതെ നിലവിലെ എംപിയെന്ന പരിഗണന അദേഹത്തിനാകും.ആദ്യഘട്ടത്തില്‍ ആരെയും പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍,അതിന് മുമ്പ് തിരുവനന്തപുരത്തും പത്തനംതിട്ടയിലും പരാജയപ്പെട്ടതിന്റെ കാരണമെങ്കിലും കേന്ദ്രത്തെ ബോധ്യപ്പെടുത്തേണ്ടി വന്നേക്കും.വോട്ടുവിഹിതം വര്‍ധിപ്പിച്ചതിന്റെ കണക്കുകള്‍ ശ്രീധരന്‍പിള്ള നിരത്തിയാലും പുനസംഘടനയെന്ന ആവശ്യം ഉയരും,അപ്പോഴും പഴയ രണ്ടുപേരുകള്‍ വീണ്ടും പരിഗണനയില്‍ വരും.കെ.സുരേന്ദ്രനും എംടി രമേശും.വീതംവെപ്പില്‍ ഗ്രൂപ്പ് സമവാക്യവും ജാതിസമവാക്യവും പരിഗണിക്കപ്പെടും.അധ്യക്ഷപദം നായര്‍ സമുദായത്തിനെങ്കില്‍ ഈഴവ പ്രാതിനിധ്യം മന്ത്രിസഭയിലുണ്ടാകും.തുഷാര്‍െവള്ളാപ്പള്ളിക്ക് വാഗ്ദാനം ചെയ്ത പദവികള്‍ തിരഞ്ഞെടുപ്പിലെ മോശംപ്രകടനം കണക്കിലെടുത്ത് പുനപരിശോധിക്കാനും സാധ്യതയുണ്ട്.