തരൂര്‍ ജയിച്ചപ്പോള്‍ തോറ്റത് ചില ദുര്‍നിമിത്തങ്ങളും അന്ധവിശ്വാസങ്ങളും; രണ്ടനുഭവം

വിശ്വാസവും ആചാരവുമെല്ലാം മുഖ്യ വിഷയങ്ങളായ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. തിരുവനന്തപുരം അടക്കമുള്ള പല മണ്ഡലങ്ങളിലും ഇത്തരം വിഷയങ്ങള്‍ പ്രചാരണ ആയുധമാക്കി പാര്‍ലമെന്റില്‍ അക്കൗണ്ട് തുറക്കുകയായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍ അതിനെയെല്ലാം തകര്‍ത്താണ് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ലീഡോടെ ശശി തരൂര്‍ ഹാട്രിക് തികച്ചത്.

തരൂരിന്റെ വിജയത്തില്‍ തോറ്റുപോകുന്നത് കുമ്മനം രാജേശഖരനും സി. ദിവാകരനും മാത്രമല്ല. വിശ്വസത്തിന്റെ കൈപിടിച്ച് ചിലര്‍ പ്രചരിപ്പിച്ചിരുന്ന ചില ദുര്‍നിമിത്തങ്ങളും കൂടിയാണ്. 

രംഗം ഒന്ന്: ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം. സംസ്ഥാന ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ നിലവിളക്ക് കൊളുത്തി ചടങ്ങ് തുടങ്ങി. നേതാക്കളുടെ പ്രസംഗം നടക്കുന്നതിനിടെ ആരുടെയോ കൈതട്ടി വിളക്ക് നിലത്ത് വീണു. എല്ലാവരുടെയും മുഖം മ്ലാനമായി. ചടങ്ങ് അവിടെ അവസാനിച്ചെങ്കിലും പുതിയ ഒരു കുപ്രചാരണത്തിന് തുടക്കമായി. നിലവിളക്ക് നിലത്ത് വീണത് അത്ര നല്ല സൂചനയല്ല. ഹാട്രിക് തികയ്ക്കാനുള്ള ഭാഗ്യം ശശി തരൂരിനുണ്ടായേക്കില്ല.

ഈ ദുശകുന വാര്‍ത്ത അടിത്തട്ടില്‍ പ്രചരിക്കുന്നതിനിടെയാണ് അടുത്ത രംഗം. വിഷുപ്പുലരി, ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാരം നടത്തുന്നു. ത്രാസ് പൊട്ടി തലയില്‍ വീണു. തലപൊട്ടി തരൂര്‍ ആശുപത്രിയില്‍. പ്രചാരണം അവസാനഘട്ടത്തിലായ സമയത്ത് തരൂര്‍ ആശുപത്രിയിലായി വിശ്രമിക്കേണ്ടി വന്നതിനേക്കാള്‍ വലിയ വാര്‍ത്ത അടുത്ത ദുശകുനമായിരുന്നു. നല്ലൊരു ദിവസം, പ്രധാന വഴിപാട് നടത്തുമ്പോള്‍ ഇങ്ങിനെ സംഭവിക്കുന്നത് നല്ല ലക്ഷണമല്ല. തരൂരിന്റെ സ്ഥിതി ഇത്തവണ അപകടത്തിലാണ്. ദുശകുന കഥകള്‍ ഇങ്ങിനെ ശക്തിമായി. 

ഒടുവില്‍ ഫലം വന്നപ്പോള്‍ ദുശകുനകഥകള്‍ എല്ലാം തോറ്റു. കഴിഞ്ഞ രണ്ട് തവണയും കിട്ടാത്ത ഭൂരിപക്ഷത്തോടെ തരൂര്‍ പാര്‍ലമെന്റിലേക്ക്. ഒരുപക്ഷെ ഇത്തവണ പാര്‍ലമെന്റിലെ കക്ഷിനേതാവ് പോലും തരൂരായേക്കാം.