ബോണസ് പോയിന്റിനെതിരെ അധ്യാപക സംഘടന; അശാസ്ത്രീയമെന്ന് ആരോപണം

പ്ലസ് വണ്‍ പ്രവേശനത്തില്‍ ബോണസ് പോയിന്റ് നല്‍കുന്നത് അശാസ്ത്രീയമാണെന്ന ആരോപണവുമായി സിപിഐ അനുകൂല അധ്യാപകസംഘടന. ഗ്രേസ് മാര്‍ക്ക് ഇരട്ടിപ്പും പഠിച്ച സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി ഇല്ലെങ്കില്‍ ബോണസ് പോയിന്റ് നഷ്ടമാകുന്ന രീതിയും ഒഴിവാക്കണമെന്നാണ് ആവശ്യം. 

കലാ–കായിക–സേവന മികവിന് പത്താംക്ലാസ് ഗ്രേഡിനൊപ്പം തന്നെ ഗ്രേസ് മാര്‍ക്കും ചേര്‍ക്കാറുണ്ട്. ഇതേ കുട്ടി പ്ലസ് വണ്ണിന് അപേക്ഷ നല്‍കുമ്പോള്‍ വീണ്ടും ബോണസ് പോയിന്റ് നല്‍കുന്നു. ഓണ്‍ലൈന്‍ അപേക്ഷയില്‍ ബോണസ് പോയിന്റ് നല്‍കുന്നതിനായി പ്രത്യേക ചോദ്യവും ഉണ്ട്. അതായത് കലാ–കായിക–സേവന മികവുള്ളവര്‍ക്ക് ഇരട്ടി മുന്‍തൂക്കം ലഭിക്കുന്നു. ഇത് പഠനമികവുള്ള കുട്ടികളെ ബാധിക്കുമെന്നാണ് പരാതി.

പത്താംക്ലാസ് പഠനം നടത്തിയ സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി ഉണ്ടെങ്കില്‍ മാത്രം ബോണസ് പോയിന്റ് നല്‍കുന്നതും ശാസ്ത്രീയമല്ല. ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചതുമുതല്‍ ഉയരുന്ന പരാതികള്‍ പഠിക്കാന്‍ കമ്മിഷനുകളെ സര്‍ക്കാര്‍ നിയമിച്ചിരുന്നെങ്കിലും റിപ്പോര്‍ട്ടുകളൊന്നും വെളിച്ചം കണ്ടില്ല.