ജന്മനാ കൈകളില്ല; കാലുകൊണ്ട് പരീക്ഷയെഴുതി ദേവിക; അഭിമാനനേട്ടം

കാലുകൊണ്ട് പ്ലസ്ടൂ പരീക്ഷയെഴുതി മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ ദേവിക നാടിനാകെ അഭിമാനമാണ്. ജന്മനാല്‍ കൈകളില്ലാത്ത ദേവിക എസ്എസ്എല്‍സി പരീക്ഷയിലും മികച്ച വിജയം നേടിയിരുന്നു.

പരീക്ഷയെഴുതാന്‍ ആവശ്യമെങ്കില്‍ മറ്റൊരാളുടെ സഹായം തേടാമെന്നിരിക്കെ സ്വന്തം കാലുകള്‍കൊണ്ട്  എല്ലാ പരീക്ഷകളും എഴുതിത്തീര്‍ത്താണ് ഈ മിന്നും വിജയം. പ്ലസ്ടു ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസിനൊപ്പം മുഴുവന്‍ മാര്‍ക്കും നേടിയാണ് മുന്നേറ്റം. 

കൈകള്‍ പോലെതന്നെ അതി മനോഹരമായാണ് ദേവികയുടെ ഉരുട്ടിയുളള എഴുത്ത്. പഠനത്തിനൊപ്പം ചിത്രകലയിലും മിടുക്കിയാണ്.  സിവില്‍ സര്‍വീസാണ് മുന്നിലുളള സ്വപ്നം.  കരുത്തായി അച്ഛന്‍ സി.പി സജീവനും അമ്മ സുജിതയും കൂട്ടായി സഹോദരന്‍ ഗൗതമും ഒപ്പമുണ്ട്.