കെമിസ്ട്രി ഉത്തര സൂചിക പരിശോധനയ്ക്ക് വിദഗ്ധ സമിതിയെ വച്ചേക്കും

കെമിസ്ട്രി ഉത്തര സൂചിക പരിശോധനയ്ക്ക് വിദഗ്ധ സമിതിയെ വച്ചേക്കും. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെയാണ് പരിശോധനയ്ക്ക് തീരുമാനം എടുത്തത്. അധ്യാപകരുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് വിലയിരുത്തല്‍. 

പ്ലസ്ടുവിയിൽ സത്യസന്ധമായ മൂല്യനിര്‍ണയം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഉത്തരസൂചികയില്‍ പോരായ്മ ഉണ്ടെങ്കില്‍ പരിശോധിക്കും. 

രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. 

ഇതിനിടെ പ്്ളസ് 2 കെമിസ്ട്രി മൂല്യനിര്‍ണയം വീണ്ടും മുടങ്ങി. തുടര്‍ച്ചയായ രണ്ടാം ദിവസവും ഉത്തരകടലാസ് പരിശോധന അധ്യാപകര്‍ ബഹിഷ്ക്കരിച്ചു. ഉത്തര സൂചികയിലെ അപാകതകള്‍ മാറ്റിയാലേ മൂല്യനിര്‍ണയം നടത്തൂ എന്ന  നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അധ്യാപകരില്‍ ഭൂരിപക്ഷവും. 

തുടര്‍ച്ചയായ രണ്ടാം ദിവസവും പ്ളസ് 2 കെമിസ്ട്രി മൂല്യനിര്‍ണയം അധ്യാപകര്‍ ബഹിഷ്ക്കരിച്ചിരിക്കുകയാണ്. തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ അധ്യാപകരെത്തിയില്ല. അപൂര്‍ണവും അപാകതയുള്ളതുമായ ഉത്തരൂചിക തിരുത്തണം എന്നാണ് അധ്യാപകരുടെ ആവശ്യം .

എന്നാല്‍ ഉത്തര സൂചികയില്‍മാറ്റം ആവശ്യമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിദ്യാഭ്യാസ മന്ത്രി. ചില അധ്യാപകര്‍ ബോധപൂര്‍വ്വം പ്രശ്നം ഉണ്ടാക്കുകയാണെന്നും മന്ത്രി പറയുന്നു. 

പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍സെക്രട്ടറി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഡബിള്‍ മൂല്യനിര്‍ണയമുള്ള വിഷയമായ കെമിസ്ട്രിയില്‍ ഉത്തര സൂചിക കുറ്റമറ്റതായാലെ മതിയാകൂ എന്നാണ് അധ്യാപകര്‍ പറയുന്നത്. മറ്റൊരു പരിഹാരവും സ്വീകാര്യമല്ലെന്നും അധ്യാപകര്‍ പറയുന്നു. 

പരീക്ഷ കടുകട്ടിയായിരുന്നു. കൃത്യമായ മൂല്യനിര്‍ണയമെങ്കിലും ഉറപ്പാക്കിയില്ലെങ്കില്‍ അര്‍ഹമായ മാര്‍ക്കുപോലും കുട്ടികള്‍ക്ക് കിട്ടില്ലെന്നാണ് അധ്യാപകര്‍ ഒന്നടങ്കം പറയുന്നത്.