ബൈബിളുകളുടെ വിസ്മയ ശേഖരം; ശ്രദ്ധാകേന്ദ്രമായി ബൈബിള്‍ മ്യൂസിയം

ഇരുന്നൂറ്റിയെഴുപത് ഭാഷകളിലുള്ള ബൈബിളുകളുടെ വിസ്മയ ശേഖരവുമായി തിരുവനന്തപുരം വെമ്പായത്തെ  ബൈബിള്‍ മ്യൂസിയം ശ്രദ്ധാകേന്ദ്രമാകുന്നു. ലോകത്തിലെ ഏറ്റവും ചെറിയ ബൈബിള്‍ മുതല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളവ വരെ ഊ അപൂര്‍വ്വ ശേഖരത്തിലുണ്ട്. പഴയനിയമകാലം  മുതലുള്ള പല കാഴ്ചകളും കൂടി ഉള്‍ച്ചേര്‍ത്താണ് സുവിശേഷ പ്രവര്‍ത്തകനായ ഡോ മാത്യൂസ് വര്‍ഗീസ് ഏഷ്യയിലെ ഏറ്റവും വലിയ ബൈബിള്‍ മ്യൂസിയം രൂപകല്പന ചെയ്തിരിക്കുന്നത്.

ആദിയില്‍ വചനമുണ്ടായതുമുതലുളള ചരിത്രം ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നു. ഏദന്‍ തോട്ടം മുതല്‍ ഗാഗുല്‍ത്താവരെ. കടലാസ് കണ്ടുപിടിക്കുന്നതിന് മുമ്പ്  പശുക്കുട്ടിയുടെ തോലില്‍ തീര്‍ത്ത അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുളള ഗേസ് ബൈബിള്‍. രാജാക്കന്മാര്‍ സമ്മാനം നല്കാന്‍ ഉപയോഗിച്ചിരുന്ന ഒരു വശത്ത് നാണയങ്ങളും മറുവശത്ത് വചനവുമുള്ള മെഡാലിയന്‍ ബൈബിള്‍... ഗുട്ടന്‍ബര്‍ഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചശേഷം ആദ്യ കാലത്തെ ബൈബിളുകള്‍... അമൂല്യ ശേഖരങ്ങളുടെ കലവറയാണ് ഈ വചന മ്യൂസിയം.

ലോകത്തിലെ ഏറ്റവും ചെറിയ ബൈബിളുകള്‍, ഗോത്രഭാഷ മുതല്‍ ചെക്ക്, ഡച്ച് , അല്‍ബേനിയന്‍, ഇറ്റാലിയന്‍ തുടങ്ങി ഇരുന്നൂറ്റി എഴുപത് ഭാഷകളിലെ ബൈബിളുകള്‍ , കുട്ടികളുടെ ബൈബിളുകള്‍, ബൈബിള്‍ വ്യാഖ്യാനങ്ങള്‍ , പഠന സഹായികള്‍. യേശുവിന്റെ മുള്‍ക്കിരീട മാതൃകയും  യഹൂദ ആരാധനയിലുപയോഗിക്കുന്ന ആട്ടിന്‍ കൊമ്പുകൊണ്ടുണ്ടാക്കിയ കാഹളവും യഹൂദ ആരാധനയുടെ തന്നെ ഭാഗമായ തോറയുമെല്ലാം അത്യപൂര്‍വ്വ കാഴ്ചകളാണ്.

കോഴി കൂവുന്നതിന് മുമ്പ് മൂന്നു തവണ നീ എന്നെ തള്ളിപ്പറയുമെന്ന് പത്രോസിനോട് യേശു പറഞ്ഞതായി ബൈബിളില്‍ പറയുന്നു. 12 പൂവന്‍ കോഴികളുടെ മാതൃക ഇവിടെ ഒരുക്കിയിരിക്കുന്നു. അതായത് പന്ത്രണ്ട് തവണ കോഴിയെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശമുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. തവളയും ആടും കുതിരയും സിംഹവുമൊക്കെ എത്ര തവണ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇവിടെയറിയാം.

സ്റ്റാമ്പ് കലക്ഷനും  നാണയ ശേഖരവുമെല്ലാം വിസ്മയക്കാഴ്ചകളാണ്. വിവിധ രാജ്യങ്ങളിലെ കുരിശുകളുടെ വന്‍ ശേഖരം കണ്ട് കടന്നു ചെല്ലുന്നത് ജറുസലേമിലെ ക്രിസ്തുവിന്റെ കല്ലറയുടെ മാതൃകയ്ക്കുള്ളിലേയ്ക്കാണ്. തിരുവനന്തപുരം നഗരത്തില്‍ നിന്ന്് മുപ്പത് മിനിറ്റ് യാത്രാ ദൂരത്തില്‍ വെമ്പായം കന്യാകുളങ്ങരയിലാണ്  വചന മ്യൂസിയം ഒരുക്കിയിരിക്കുന്നത്. 120 രൂപയാണ് പ്രവേശന ഫീസ്.