4,55,000 വോട്ടുമായി കൊല്ലം പിടിക്കും; ഭൂരിപക്ഷം 60,000; കൃത്യം കണക്കുമായി സിപിഎം

ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്നയിടമാണ് കൊല്ലം. ശക്തനായ സ്ഥാനാർഥിയെ ആദ്യമേ പ്രഖ്യാപിച്ച് മണ്ഡലം തിരകെ പിടിക്കാൻ എല്ലാം സംവിധാനങ്ങളും സിപിഎം രംഗത്തിറക്കി. 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എൽഡിഎഫ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തൽ. ചവറ ഒഴികെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർഥി കെ.എൻ. ബാലഗോപാൽ ലീഡ് ചെയ്യും. ചവറയിൽ യുഡിഎഫ് 5000 വോട്ടിന്റെ ഭൂരിപക്ഷം നേടും.

കുണ്ടറയിൽ 13,000, ഇരവിപുരത്ത് 6000, ചാത്തന്നൂരിൽ 14000, ചടയമംഗലത്ത് 15000, പുനലൂരിൽ 15000, കൊല്ലത്ത് 6000 എന്നിങ്ങനെയാകും എൽഡിഎഫ് ലീഡ് എന്നു  യോഗം കണക്കുകൂട്ടി. മണ്ഡലത്തിന്റെ സിപിഎം ചുമതലയുണ്ടായിരുന്ന മന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ബൂത്തു കമ്മിറ്റികളിൽ നിന്നുള്ള വിവരങ്ങൾ സിപിഎം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി വിലയിരുത്തിയ ശേഷമാണ് സ്റ്റിയറിങ് കമ്മിറ്റിയിൽ വച്ചത്.

കെ.എൻ. ബാലഗോപാൽ 4,55,000 വോട്ടു പിടിക്കുമ്പോൾ എൻ.കെ. പ്രേമചന്ദ്രനു 3,95,000 ൽ താഴെ വോട്ടേ ലഭിക്കു. ബിജെപി സ്ഥാനാർഥി കെ.വി. സാബു 80000 വോട്ടു പിടിക്കും. മുന്നണി യന്ത്രത്തിന്റെ ചിട്ടയായ പ്രവർത്തനം, പ്രേമചന്ദ്രനെതിരായ സംഘി ആരോപണം, കോൺഗ്രസ് പലയിടത്തും നിർജീവമായത് എന്നിവ ഗുണം ചെയ്യുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ.

ബിജെപിക്കെതിരെ പ്രതിരോധം തീർക്കാൻ സിപിഎമ്മിനേ കഴിയൂവെന്നു വോട്ടർമാർ ചിന്തിച്ചതിനു തെളിവാണ് ഇരവിപുരത്തെ വർധിച്ച പോളിങ് ശതമാനമെന്നും വിലയിരുത്തി. ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ കുറച്ചു വോട്ടു നഷ്ടപ്പെട്ടാലും ഈഴവ, പട്ടിക ജാതി വോട്ടുകളിലൂടെ അതു മറികടക്കാമെന്നാണു സിപിഎമ്മിന്റെ പ്രതീക്ഷ.

കഴിഞ്ഞ തവണ 37,623 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആഎസ്പി സ്ഥാനാർഥി എൻ.കെ പ്രേമചന്ദൻ വിജയിച്ചത്. 40,85,28 വോട്ട് അദ്ദേഹം നേടിയപ്പോൾ കുണ്ടറ എംഎൽഎ കൂടിയായിരുന്ന എതിർ സ്ഥാനാർഥി 37,08,79 വോട്ടാണ് പെട്ടിലാക്കിയത്. ബിജെപി 58, 671 വോട്ടും നേടി.