പ്രധാനമന്ത്രി ഇങ്ങനെ രാഷ്ട്രീയം പറയരുത്; ഇന്ധനനികുതിയിൽ മറുപടിയുമായി കേരളം

ഇന്ധനനികുതി കുറയ്ക്കണമെന്ന  പ്രധാനമന്ത്രിയുടെ നിര്‍ദേശം തളളി കേരള സര്‍ക്കാര്‍.  കേരളം ആറുവര്‍ഷമായി ഇന്ധനനികുതി കൂട്ടിയിട്ടില്ല, അതിനാല്‍ കുറയ്ക്കില്ലെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.  പ്രധാനമന്ത്രി പറഞ്ഞത് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. പ്രധാനമന്ത്രിയെപ്പോലെ ഒരാള്‍ പ്രധാനപ്പെട്ട ഒരു യോഗത്തില്‍ ഇങ്ങനെ രാഷ്ട്രീയം പറയരുത്.  നികുതിയില്‍  42 ശതമാനം  സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ല. സെസും സര്‍ചാര്‍ജും കേന്ദ്രസര്‍ക്കാര്‍ നേരിട്ടെടുക്കുകയാണെന്നും ധനമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

ഫെഡറലിസം തകര്‍ക്കാന്‍ നീക്കം. കേന്ദ്ര, സംസ്ഥാന ബന്ധങ്ങള്‍ തകര്‍ക്കാന്‍ നീക്കമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ആരോപിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളില്‍ സെസും സര്‍ചാര്‍ജും പിരിക്കാന്‍ കേന്ദ്രത്തിന് അധികാരമില്ല. ബന്ധപ്പെട്ട വേദികളില്‍ പ്രതിഷേധം അറിയിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ധന നികുതി കുറയ്ക്കാത്തതില്‍ കേരളം അടക്കം പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. നികുതി കുറയ്ക്കാതെ ആറുമാസം ഈ സംസ്ഥാനങ്ങള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മോദി കുറ്റപ്പെടുത്തി. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി നികുതി കുറച്ച് ജനങ്ങളുടെ ഭാരം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.   

കോവിഡ് ഭീഷണി ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് പെട്രോള്‍ ഡീസല്‍ വിലവര്‍ധനയില്‍ പ്രധാനമന്ത്രിയുടെ സുപ്രധാനപരാമര്‍ശങ്ങള്‍. പ്രതിസന്ധിഘട്ടത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ടതാണ്. ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചു. അതിന് അനുപാതികമായി ചില സംസ്ഥാനങ്ങളും കുറച്ചു. ഈ സംസ്ഥാനങ്ങള്‍ക്ക് നഷ്ടമുണ്ടായി.  എന്നാല്‍ കേരളവും തമിഴ്നാടും മഹാരാഷ്ട്രയും അടക്കം ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായില്ല. നവംബര്‍ മുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കി. കേന്ദ്രസര്‍ക്കാരിന്‍റെ നികുതി വരുമാനം സംസ്ഥാനങ്ങള്‍ക്ക് പങ്കുവയ്ക്കുന്നുണ്ട്. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി നികുതി കുറയ്ക്കാന്‍ തയ്യാറാകണം. 

ഇന്ധനവില വര്‍ധന ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിെര പ്രതിപക്ഷം ശക്തമായിരംഗത്തുള്ളപ്പോള്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ പ്രതിക്കൂട്ടിലാക്കി പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം ഏറെ രാഷ്ട്രീയ ഏറ്റുമുട്ടലിന് വഴിവയ്ക്കും.