കണ്ണീരുപ്പുള്ള വോട്ട്; ആ മൂന്ന് പേരുകൾ ‘ഡിലീറ്റഡ്’; മറിയം എത്തിയത് ഏകയായി

ആ വിരൽത്തുമ്പിൽ ഒഴുകിപ്പരന്ന മഷിയിൽ കണ്ണീരിന്റെ ഉപ്പുണ്ട്, ഒറ്റപ്പെടലിന്റെ നോവുണ്ട്, ജീവിതമെന്ന ചോദ്യമുണ്ട്. ഇന്നലെ രാവിലെ പേരാമ്പ്ര വളച്ചുകെട്ടി വീട്ടിൽ മറിയം മകൻ മുത്തലിബിന്റെ കയ്യുംപിടിച്ച് ബൂത്തിലെത്തി വോട്ടുചെയ്തു മടങ്ങി. വോട്ടർപട്ടികയിൽ ആ വീട്ടിലെ മറ്റു മൂന്നു പേരുകൾ ‘ഡിലീറ്റഡ്’ എന്നെഴുതി വെട്ടിക്കളഞ്ഞിട്ടുണ്ട്. അവർ നിപ്പ ബാധിച്ചു മരിച്ചിട്ട് മേയ് മാസത്തിൽ ഒരു വർഷം തികയുകയാണ്. 

പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ടി വീട്ടിൽ മൂസയുടെ ഭാര്യയാണ് മറിയം. മൂസയും മക്കളായ സാബിത്തും സാലിഹുമാണ് നിപ്പ ബാധിച്ച് ആദ്യമായി മരണത്തിനു കീഴടങ്ങിയത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ഇവർക്കു ചികിത്സ ലഭ്യമാക്കുന്നതിനിടെയാണ് നഴ്സ് ലിനിയടക്കമുള്ളവർക്ക് നിപ്പ ബാധിച്ചത്.

ആ വീട്ടിൽ മറിയവും ഇളയ മകൻ മുത്തലിബും മാത്രമാണ് ശേഷിച്ചത്. മൂസയും മക്കളും മരിക്കുന്നതിനു മുൻപ് ഒരു വീട് വാങ്ങിയിരുന്നെങ്കിലും അടച്ചിട്ടിരിക്കുകയാണ്. സഹോദരങ്ങളുടെ വീടുകളിലാണ് മറിയവും മുത്തലിബും ഇപ്പോൾ താമസം.

പേരാമ്പ്ര ആവടുക്ക ചങ്ങരോത്ത് എംഎൽപി സ്കൂളിലെ 23ാം നമ്പർ ബൂത്തിലാണ് ഇവർ വോട്ടു ചെയ്യാനെത്തിയത്. മുത്തലിബിന്റെ കന്നിവോട്ടായിരുന്നു ഇത്തവണ.