വീറും വാശിയോടെ ആലത്തൂർ; ഒപ്പത്തിനൊപ്പം സ്ഥാനാർത്ഥികൾ

തിരഞ്ഞെടുപ്പു പ്രചാരണത്തിന്് വീറുംവാശിയുമുളള മണ്ഡലമാണ് ആലത്തൂര്‍. ഇടതുസ്ഥാനാര്‍ഥി പികെ ബിജുവും യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസും ഒപ്പത്തിനൊപ്പമാണ് പ്രചാരണത്തില്‍ മുന്നേറുന്നത്.  

രണ്ടു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തിന്റെ നാലതിരുകളെയും ഇളക്കിമറിച്ചാണ് സ്ഥാനാര്‍ഥികളുടെ പ്രചാരണം. പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം പ്രധാനമായും നില്‍ക്കുന്നത് യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ്. ഇടതു സ്ഥാനാര്‍ഥി പികെ ബിജുവിന് നെല്ലിയാമ്പതിയിലുള്‍പ്പെടെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. രാഷ്ട്രീയം പറഞ്ഞല്ല കോണ്‍ഗ്രസ് വോട്ടുപിടിക്കുന്നതെന്നാണ് ബിജുവിന്റെ ആക്ഷേപം.

       ആലത്തൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫ് ഇത്ര ആവേശത്തോടെ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പാട്ടും പ്രസംഗവുമൊക്കെ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. എവിടെച്ചെന്നാലും സ്ഥാനാര്‍ഥിയെക്കൊണ്ട് പാട്ടുപാടിപ്പിച്ചാണ് സ്വീകരണകേന്ദ്രങ്ങളെ പ്രവര്‍ത്തകര്‍ കൊഴുപ്പിക്കുന്നത്.  സ്ത്രീവോട്ടര്‍മാരുടെ പിന്തുണയും പ്രാര്‍ഥനയും അവോളമുണ്ടെന്ന് രമ്യ പറയുന്നു. എക്കാലവും ഇടതുമുന്നണിക്കൊപ്പം നിന്ന ആലത്തൂര്‍ ഇക്കുറി എവിടേക്ക് ചായുമെന്ന് പ്രവചിക്കാനാവില്ല.