വടകരയില്‍ കറുത്ത കുതിരകളാവാൻ എല്‍ജെഡിയും ആർഎംപിയും; ഇരുകൂട്ടർക്കും നിർണായകം

കടുത്ത മല്‍സരം നടക്കുന്ന വടകരയില്‍  ഇക്കുറി കറുത്ത കുതിരകളാവുമെന്ന് കരുതപ്പെടുന്നത് വിരേന്ദ്രകുമാറിന്റെ എല്‍.ജെ.ഡിയും  ടി.പി. ചന്ദ്രശേഖരന്‍ രൂപീകരിച്ച ആര്‍.എം.പിയുമാണ്. ഇരുപാര്‍ട്ടികളുടെയും അവകാശവാദങ്ങള്‍ക്ക് മുന്നണികള്‍ വലിയ വിലയാണ് കല്‍പിക്കുന്നത്..മണ്ഡലത്തില്‍ അരലക്ഷം വോട്ടിന്റെ സ്ഥിരനിക്ഷേപമുണ്ടെന്നാണ് രണ്ടുകൂട്ടരുടെയും  കണക്കുകൂട്ടല്‍.  

സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് എന്നും വളക്കൂറുള്ള മണ്ണാണ് വടകരയിലേത്. 2009 വരെ സി.പി.എമ്മിനൊപ്പമായിരുന്നു വിരേന്ദ്രകുമാറും കൂട്ടരും. കോഴിക്കോട് സീറ്റിനെ ചൊല്ലി ബന്ധം പിരിഞ്ഞു.പതിറ്റാണ്ടുകള്‍ക്ക് ശേഷം മണ്ഡലത്തില്‍ മൂവര്‍ണക്കൊടി  പാറി. മണ്ഡലത്തില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് തങ്ങളണെന്ന എല്‍.ജെ,ഡി വാദത്തിന് ഇതോടെ ശക്തികൂടി. ഇത്തവണ എല്‍ഡി.എഫിന് ഒപ്പം നില്‍ക്കുമ്പോഴും ശക്തി തെളിയിക്കണം

മുഖ്യശത്രുവായ ജയരാജന്റെ പരാജയം ഉറപ്പാക്കാനായി യു.ഡി.എഫിനൊപ്പം കൂടിയിരിക്കുകയാണ് .കഴിഞ്ഞ നിയമസഭ തിര‍ഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മാത്രം കെ.കെ. രമ നേടിയ 20504  വോട്ടുകളിലാണ് പാര്‍ട്ടിയുടെ പ്രതീക്ഷ മുഴുവന്‍

 ഇരു പാര്‍ട്ടികളുടെയും അവകാശവാദങ്ങള്‍ സംബന്ധിച്ചു മുന്നണി നേതൃത്വങ്ങള്‍ക്കും ആശങ്കയുണ്ട്.ഇരുപാര്‍ട്ടികള്‍ക്കും നിലനില്‍പ്പിന്റേത് കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. പിന്തുണയ്ക്കുന്ന മുന്നണിയുടെ തോല്‍വി രാഷ്ട്രീയമായ നിലനില്‍പ് പോലും ചോദ്യം ചെയ്യുന്നതാകും.