മരണവീട്ടിലേത് അഭിനയമോ..?; ആ ചോദ്യത്തിന് മാണി സാറിന്റെ രസികന്‍ മറുപടി: വിഡിയോ

‘അന്ന് കുട്ടിയമ്മയെ കല്ല്യാണം കഴിച്ച സമയം. ഞങ്ങളിങ്ങനെ കറങ്ങി നടക്കുവാ... ഒരു ബോട്ടിൽ വച്ച് അവളുടെ കൈ ചേർത്ത് പിടിച്ച് താളമിട്ട് ഞാൻ പാടി.. വൈക്കം കായലിൽ ഒാളം വെട്ടുമ്പോൾ ഒാർക്കുമ്പോൾ ഞാനെന്റെ തങ്കത്തേ..’ ആ ഒാർമകളിലേക്ക് കെ.എം മാണി നടന്നകന്നു കഴിഞ്ഞു. പത്തുവർഷങ്ങൾക്ക് മുൻപ് മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ അദ്ദേഹം ആ ഒാർമകളോർത്ത് പാടിയത് ഇങ്ങനെയാണ്. രാഷ്ട്രീയത്തിനൊപ്പം കുടുംബവും മക്കളും പാലായുമായിരുന്നു പ്രിയം. ഒപ്പം ശോക ഗാനങ്ങളും. ആ വേറിട്ട ഇഷ്ടത്തെ കുറിച്ചും അദ്ദേഹം അന്ന് മനസ് തുറന്നു. 

കെ.എം മാണിയെ കുറിച്ച് അക്കാലത്ത് കേട്ട രസകരമായ ഒരു ചോദ്യവും നേരേ ചൊവ്വേയില്‍ ഉയര്‍ന്നു. ‘മാണി സർ, ഒരു കല്ല്യാണവീട്ടിൽ ചെന്നാൽ വധൂവരൻമാരെക്കാൾ സന്തോഷം കാണിക്കും. മരണ വീട്ടിൽ ചെന്നാൽ പരേതന്റെ ബന്ധുക്കളെക്കാൾ സങ്കടം കാണിക്കുമെന്നാണ് ചിലർ പറയുന്നത്. അഭിനയമാണോ ഇത്. അതിന് മാണി നൽകിയ മറുപടി ഇങ്ങനെ. എനിക്ക് മരണവീട്ടിൽ ചെന്നാൽ ചിരിക്കാനറിയില്ല. ആ മക്കളുടെ സങ്കടവും കരച്ചിലും കണ്ടാൽ എനിക്കും സങ്കടം വരും. അത് അഭിനയമല്ല. പച്ച മനുഷ്യനായി മാണി പറഞ്ഞു. വിഡിയോ കാണാം. 

മറ്റൊരു കഥയിങ്ങനെ: വർഷങ്ങൾക്ക് മുൻപ് കെ.എം മാണി മന്ത്രിയായിരിക്കുന്ന സമയം. അദ്ദേഹത്തിന്റെ ഭാര്യ കുട്ടിയമ്മ പാലായിൽ നിന്നും തിരുവനന്തപുരത്തേക്ക് കാറിൽ പോവുകയായിരുന്നു. കാർ ചെങ്ങന്നൂരിൽ എത്തിയപ്പോഴേക്കും സിഐയുടെ വാഹനം കാറിനെ മറികടന്ന് കുറുകെ നിർത്തി. സിഐയുടെ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്നതിനാണ് അദ്ദേഹം കാർ തടഞ്ഞത്. കാർ വേഗം പൊലീസ് സ്റ്റേഷനിലേക്ക് എടുക്കാൻ രോഷത്തോടെ ആ പൊലീസുകാരൻ ആവശ്യപ്പെട്ടു. അപ്പോഴും കാർ മന്ത്രി മാണിയുടേതാണെന്നോ വണ്ടിയിൽ ഉള്ളത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നെന്നോ സിഐയ്ക്ക് അറിയില്ലായിരുന്നു.

അപ്പോഴാണ് കാറിലുണ്ടായിരുന്ന തങ്കച്ചൻ പൊലീസുകാരനോട് ഇക്കാര്യം പറയുന്നത്. പറ്റിപ്പോയ അബദ്ധത്തിൽ ആകെ പരിഭ്രമിച്ചു അദ്ദേഹം. ഒരു സ്ഥലം മാറ്റം പ്രതീക്ഷിച്ച് കൊണ്ടാണ് പിറ്റേന്ന് അദ്ദേഹം മന്ത്രി കെ.എം മാണിയെ കാണാൻ ചെല്ലുന്നത്. ഒരു ശുപാർശക്കായി പാലാ സിഐയെയും ഒപ്പം കൂട്ടിയിരുന്നു. എന്നാൽ ഒരു പ്രതികാര നടപടിയും എടുക്കാതെ ചിരിച്ചു കൊണ്ടാണ് ആ പൊലീസുകാരനെ അദ്ദേഹം തിരിച്ചയച്ചത്.