എറണാകുളത്തെ മാലിന്യമുക്തമാക്കും; പ്രഖ്യാപനങ്ങളുമായി പി രാജീവ്

എറണാകുളത്തെ മാലിന്യമുക്തമാക്കുകയാണ് തന്റെ പ്രഥമ പരിഗണനയെന്ന് ഇടതുസ്ഥാനാര്‍ഥി പി.രാജീവ്. ജില്ലായ്ക്കുവേണ്ടി വികസന കൗണ്‍സില്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തിന്റെ ഭാവി വികസനം എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു പി.രാജീവ്. 

എംപിയായാല്‍ എന്ത് ചെയ്യണം, എറണാകുളത്തെ ജനങ്ങളോടുള്ള രാജീവിന്റെ ചോദ്യമാണ്. അഭിപ്രായരൂപീകരണത്തിനായി ജില്ലയിലെ പൗരപ്രമുഖരെയും റസിഡന്റ് അസോസിയേഷനുകളുടെ പ്രതിനിധികളെയും സ്ഥാനാര്‍ഥി വിളിച്ചുകൂട്ടി. മാലിന്യപ്രശ്നം, ആരോഗ്യം, വിദ്യാഭ്യാസം, കായികം, അടിസ്ഥാനസൗകര്യ വികസനം ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 

നഗരത്തിന്റെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണുമെന്ന് വ്യക്തമാക്കിയ പി.രാജീവ് മണ്ഡലത്തിന്റെ വികസനത്തിന് രാഷ്ട്രീയത്തിനപ്പുറം കൂട്ടായ്മകള്‍ രൂപപ്പെടണമെന്നും അഭിപ്രായപ്പെട്ടു . മന്ത്രി സി.രവീന്ദ്രനാഥ്, എം സ്വരാജ് എംഎല്‍എ, സിപിഎം നേതാവ് എം.എം ലോറന്‍സ്, എഴുത്തുകാരി മ്യൂസ് മേരി, സംവിധായകന്‍ ആഷിഖ് അബു, ബോസ് കൃഷ്മാചാരി തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു.