ഭാരതപ്പുഴയുടെ തുരുത്തുകളിൽ വെന്തുരുകി കന്നുകാലികൾ

കത്തുന്ന ചൂടില്‍ ഭാരതപ്പുഴയുടെ തുരുത്തുകളില്‍  വെന്തുരുകി കന്നുകാലികള്‍. മേയുന്നതിനായി ഉടമകള്‍ ഉപേക്ഷിച്ച കാലികളാണ്,, ചൂടില്‍ ഏങ്ങും പോകാന്‍ കഴിയാതെ തുരുത്തുകളില്‍ കഴിയുന്നത്. കന്നുകാലികളെ പരിചരിക്കാതെ തുരുത്തുകളില്‍ മേയാന്‍ വിടരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം അവഗണിച്ചാണ് കാലികളെ തുരുത്തുകളില്‍ ഉപേക്ഷിക്കുന്നത്.

തവനൂര്‍ മുതല്‍ തിരുനാവായ വരെ ഭാരതപ്പുഴയിലെ തുരുത്തുകളില്‍ കാണുന്ന കാഴ്ചയാണിത്. കത്തുന്ന വെയിലില്‍ തീറ്റതേടി അലയുകയാണ് കന്നുകാലിക്കൂട്ടങ്ങള്‍.ചൂടു കൂടുമ്പോള്‍ വെള്ളത്തില്‍ ഇറങ്ങികിടക്കും.പിന്നീട് വീണ്ടും തുരുത്തുകളില്‍ കയറും .ചന്തകളില്‍ നിന്നു കുറഞ്ഞ വിലക്ക് വാങ്ങുന്ന കന്നുകാലിക്കുട്ടികളെ ഭാരതപ്പുഴയുടെ തുരുത്തുകളിലേക്ക് ഉടമസ്ഥര്‍ മേയാന്‍ വിടുകയാണ്. ഇവ വളര്‍ന്ന ശേഷമാണ് തിരികെ കൊണ്ടുപോവാന്‍ ഉടമസ്ഥര്‍ എത്തുന്നത്. അതിനിടയില്‍ ഇവയെ കുറിച്ച് അന്വേഷിക്കുകപോലുമില്ല..

പ്രളയസമയത്ത് കന്നുകാലികള്‍ ചത്തൊഴുകിയപ്പോള്‍ കാലികളെ പരിചരിക്കാതെ തള്ളുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി കെ.ടി ജലീലും ജില്ലാ ഭരണ കൂടവും അറിയിച്ചിരുന്നു.എന്നാല്‍ കച്ചവടം മാത്രം ലക്ഷ്യമിട്ട് കാലികളെ വളര്‍ത്തുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവിലപോലും നല്‍കുന്നില്ല,. വെയിലത്ത് ജോലിചെയ്യുന്നതിന് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ച അധികൃതര്‍ ഈ തുരുത്തുകളിലെ മിണ്ടാപ്രാണികളുടെ ദുരിതം  കൂടി കാണണം