ലംപി ത്വക് രോഗം കൂടുതല്‍ ജില്ലകളിലേക്കെന്ന് സ്ഥിരീകരണം; 1050 കന്നുകാലികൾക്ക് രോഗം

ലംപി ത്വക് രോഗം സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്ത സ്ഥിരീകരിച്ച് മൃഗസംരക്ഷണ വകുപ്പ്. ഏഴ് ജില്ലകളിലായി 1050 കന്നുകാലികളില്‍ രോഗം സ്ഥിരീകരിച്ചു.  മറ്റ് ജില്ലകളിലും രോഗലക്ഷണമുള്ള കന്നുകാലികളെ കണ്ടെത്തിയതോടെ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി.

ആഫ്രിക്കൻ രാജ്യങ്ങളിലെ ലംപി ത്വക്ക് രോഗം സംസ്ഥാനത്തെ കന്നുകാലികള്‍ക്കിടയിലേക്ക് വ്യാപിച്ചത് രണ്ട് മാസം മുന്‍പാണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചെങ്കിലും സര്‍ക്കാര്‍ വകുപ്പുകള്‍ ഇത് നിസാരമായി കണ്ടു. കന്നുകാലികള്‍ക്ക് ജീവഹാനിയുണ്ടാകില്ലെന്ന ബലത്തിലായിരുന്നു വകുപ്പുകളുടെ നിസംഗത. ഇത് രോഗം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കാന്‍ ഇടയാക്കി.  നിലവില്‍ ഏഴ് ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്.  രോഗബാധിതരായ കാലികള്‍ കൂടുതല്‍ പാലക്കാട് ജില്ലയിലാണ് 652എണ്ണം. തൃശൂരില്‍ 352 കാലികളിലും രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് പത്ത് പശുക്കളില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും 227 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  കോഴിക്കോട്, കൊല്ലം, ഇടുക്കി ജില്ലകളിലും ലംപി വൈറസ് ബാധ സംശയിക്കുന്നു. 

സംശയം തോന്നിയ സാംപിളുകള്‍  പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രോഗത്തെ കുറിച്ച് കര്‍ഷകര്‍ക്കും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും ധാരണയുണ്ടായിരുന്നില്ല.  പ്രതിരോധ മരുന്ന് വിദേശത്തു നിന്ന് എത്തിക്കാന്‍ വൈകിയതിനാല്‍ രോഗവിവരം ഉദ്യോഗസ്ഥരും മറച്ചുവെച്ചു. ആന്‍റിബയോട്ടിക്കുകളും പച്ചമരുന്നുകളുമാണ് കാലികള്‍ക്ക് നല്‍കിയിരുന്നത്. മനോരമ ന്യൂസ് വാര്‍ത്തയിലൂടെയാണ് പടരുന്നത് ലംപി ത്വക്ക് രോഗമാണെന്ന് കര്‍ഷകരിലേറെയും തിരിച്ചറിഞ്ഞത്. ഇതോടെ വിഷയം സര്‍ക്കാര്‍ ഗൗരവത്തിലെടുത്തു മരുന്നുകളും എത്തിച്ചു. രോഗം പടരുന്നത് പ്രതിരോധിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. രോഗത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ക്ഷീരമേഖലയും കടുത്ത പ്രതിസന്ധിയിലാണ്.