കർഷകർക്ക് ആവേശം; മലമ്പുഴയില്‍ മാറ്റ് കുറയാതെ കന്നുപൂട്ട് മൽസരം

പാലക്കാട് മലമ്പുഴയില്‍ നടന്ന കന്നുപൂട്ട് പ്രദര്‍ശനമല്‍സരം കര്‍ഷകര്‍ക്ക് ആവേശമായി. വിവിധ വിഭാഗങ്ങളിലായി അന്‍പതിലധികം കാളക്കൂറ്റന്മാരുടെ പ്രകടനമാണ് കാഴ്ചയായത്.

മൃഗങ്ങളും മനുഷ്യരും മണ്ണും ചെളിയും ഇഴചേരുന്ന കന്നുപൂട്ടുമല്‍സരങ്ങള്‍ക്ക് പാലക്കാടന്‍ മണ്ണില്‍ എന്നും സ്ഥാനമുണ്ട്. പാടങ്ങളും കൃഷിയും കര്‍ഷരും ഉളളതിന്റെ ശേഷിപ്പാണ് ഇൗ കാഴ്ചകള്‍. മലമ്പുഴയിലെ പാടത്ത് പതിവുപോലെ സംഘടിപ്പിച്ച കന്നുപൂട്ടുമല്‍സരത്തിന് ഇക്കുറിയും മാറ്റു കുറഞ്ഞില്ല. 

ആവേശമേകുന്നതായിരുന്നു ഒാരോ പ്രകടനങ്ങളും . കോട്ടായി സ്വദേശി കെവി ഉണ്ണികൃഷ്ണനെപ്പോലെ നാല്‍പതു വര്‍ഷത്തിലേറെയായി കന്നുപൂട്ടിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കര്‍ഷകരുടെ പങ്കാളിത്തമാണ് പ്രധാനം. 

നാല്‍പതു ജോഡി പോത്തുകളും 35 ജോഡി കാളക്കൂറ്റന്മാരും വിവിധ വിഭാഗങ്ങളിലായി പങ്കെടുത്തു. മരമടി, കാളപ്പൂട്ട്, കന്നുപൂട്ട് തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്ന മല്‍സരങ്ങള്‍ക്ക് വിലക്കുണ്ട്. പ്രാദേശികമായുളള കാര്‍ഷിക മേളകളിലെ പ്രദര്‍ശനങ്ങളാണ് ഏറെയും.