കന്നുകാലികളെ കണ്ടാൽ ഷമീർ നോട്ടമിടും, അടിച്ചുമാറ്റും; പൊലീസ് തന്ത്രപൂർവം കുടുക്കി

കന്നുകാലി മോഷ്ടാവായ ഇറച്ചിക്കട തൊഴിലാളി മൂവാറ്റുപുഴയില്‍ പിടിയില്‍. മൂവാറ്റുപുഴയ്ക്കുസമീപം കക്കടാശേരി സ്വദേശി ഷെമീര്‍ ആണ് പിടിയിലായത്. ആളൊഴിഞ്ഞ പറമ്പിലോ, ആളനക്കമില്ലാത്ത റോഡരുകിലോ കന്നുകാലികളെ കണ്ടാല്‍ ഷെമീര്‍ നോട്ടമിടും. രാത്രിയില്‍ മോഷ്ടിച്ച് വണ്ടിയില്‍ കയറ്റി അങ്കമാലി മാര്‍ക്കറ്റിലെത്തിച്ച് വില്‍പന നടത്തും. ഇതാണ് രീതി. കഴിഞ്ഞ വെള്ളിയാഴ്ച കായനാട് സ്വദേശിയുടെ പശുവിനെയും കിടാവിനെയും മോഷ്ടിക്കുന്നതിനിടെ പണി പാളി. 

വാഹനത്തില്‍ കടത്തിക്കൊണ്ടുപോകുന്നതിനിടെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തുവച്ച് നാട്ടുകാരും പൊലീസും വളഞ്ഞു. ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് ഓടി രക്ഷപെട്ട ഷെമീര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയുടെ ഇടയില്‍ ഒളിച്ചു. പിറ്റേന്ന് അടിമാലിയിലേക്ക് കടന്നു. ഇതിനിടെ പ്രതി ഷെമീറാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കയ്യിലെ പണം തീര്‍ന്നതോടെ തിരികെ ഇറച്ചിക്കടയില്‍ ജോലിക്ക് കയറിയ പ്രതിയെ പൊലീസ് തന്ത്രപൂര്‍വം കുടുക്കി.

ഒരു മാസത്തിനിടെ നിരവധി കന്നുകാലികളെ മോഷ്ടിച്ചുവെന്ന് ഷെമീര്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 2004 മുതല്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയായ ഷെമീര്‍ ജയിയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.