പൊള്ളിച്ച് പച്ചക്കറി വില; ആശങ്കയിൽ വ്യാപാരികള്‍

സംസ്ഥാനത്ത് കടുത്ത ചൂടിനൊപ്പം പച്ചക്കറി വിലയും പൊള്ളുന്നു. മൊത്തവിപണിയില്‍ ചെറുനാരങ്ങയുടെ വില നൂറു കടന്നപ്പോള്‍ ബീന്‍സിന് ഒരുമാസംകൊണ്ട് ഇരട്ടിയിലധികം വര്‍ധന.  ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവുകുറഞ്ഞതും വിപണിയില്‍ തിരിച്ചടിയായി. 

പച്ചക്കറിക്ക് വില കുതിച്ചുയരുകയാണ്. ബീന്‍സിനു മൊത്തവില തൊണ്ണൂറും വില്‍പ്പനവില നൂറുമുതല്‍ നൂറ്റിപത്തുവരെയുമെത്തി. ഒരുമാസംകൊണ്ടാണ് ഇത്രവും വലിയ വര്‍ധനവുണ്ടായത്. ഇഞ്ചിയും  കിലോ നൂറുരൂപയിലെത്തി. വെണ്ടയും വള്ളിപ്പയറും ക്യാരറ്റും ബീറ്റ്റൂട്ടും ഇനിയും വിലവര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.  സവാളയ്ക്കും കിഴങ്ങിനും മുരിങ്ങയ്ക്കും മാത്രമാണ് വിലവര്‍ധന ബാധിക്കാത്തത്. കച്ചവടത്തിന് ചൂട് തിരിച്ചടിയായതോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി കേരളത്തിലേക്കെത്തുന്നതും കുറഞ്ഞു. ഇത് മൊത്തവിപണിയെയും സാരമായി  ബാധിച്ചു.

കനത്തച്ചൂടില്‍ പച്ചക്കറികള്‍ വേഗം കരിഞ്ഞുണങ്ങുന്ന സാഹചര്യവുമുണ്ട്. പച്ചക്കറിക്കുപുറമെ പഴവര്‍ഗങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. വിഷുവടുക്കുമ്പോള്‍ ഇനിയും വിലവര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.