ഇടപെട്ട് സർക്കാർ; ഹോര്‍ട്ടികോര്‍പ് വില്‍പനകേന്ദ്രങ്ങളില്‍ പച്ചക്കറി വില കുറഞ്ഞു

തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും സര്‍ക്കാര്‍ നേരിട്ട് പച്ചക്കറി എത്തിച്ചതോടെ ഹോര്‍ട്ടികോര്‍പ് വില്‍പനകേന്ദ്രങ്ങളില്‍ പച്ചക്കറി വില കുറഞ്ഞു. തിരുവനന്തപുരത്ത് 68 ഉം കോഴിക്കോട് 50 രൂപയുമാണ് തക്കാളിക്ക് ഇന്നത്തെ വില. പൊതുവിപണിയിലും തക്കാളി വില കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.

തക്കാളി വില 120 രൂപ വരെയെത്തിയ സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്റ ഇടപെടല്‍. മൈസൂരുവില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നുമായി  ഹോര്‍ട്ടികോര്‍പ് കഴിഞ്ഞദിവസം കൂടുതല്‍ തക്കാളി എത്തിച്ചു. കോഴിക്കോട് 50 രൂപയെ ഉള്ളു ഒരുകിലോ തക്കാളിക്ക്. ഇത് അനര്‍ഹരുടെ കൈയിലെത്താതിരിക്കാന്‍ ഒരാള്‍ക്ക് രണ്ട് കിലോയില്‍ കൂടുതല്‍ നല്‍കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട് 

മറ്റ് പച്ചക്കറികള്‍ക്കും ഹോര്‍ട്ടികോര്‍പ് ഒൗട്ട്ലറ്റുകളില്‍ വില കുറഞ്ഞു. പയറിന് തിരുവനന്തപുരത്ത് 75 രൂപയും കോഴിക്കോട് 59 രൂപയുമാണ്. സവാള 31, കിഴങ്ങ് 27,ചെറിയ ഉള്ളി 50, ബീന്‍സ് 55 എന്നിങ്ങനെയാണ് കോഴിക്കോട്ട് മറ്റുള്ളവയുടെ വില. സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് പരമാവധി സാധനങ്ങള്‍ ശേഖരിക്കാനും ഹോര്‍ട്ട് കോര്‍പ് നടപടി തുടങ്ങി. അതേസമയം തക്കാളിക്ക് പൊതുവിപണയിലും വില കുറഞ്ഞു. പലയിടത്തും 70 രൂപയാണ് ഇന്നത്തെ വില.