പി. ജയരാജനു വോട്ട് അഭ്യർഥിച്ചു എഴുതിയ മതിൽ തകർത്തു; ആർഎസ്എസ് എന്ന് സിപിഎം

കൊമ്മൽവയലിൽ എൽഡിഎഫ് സ്ഥാനാർഥി പി. ജയരാജനു വോട്ട് അഭ്യർഥിച്ചു എഴുതിയ വീട്ടുമതിൽ തകർത്തു. ആർഎസ്എസ് –ബിജെപി സംഘമാണ് അക്രമത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു. സംഗീതയിൽ ബാലന്റെ വീടിന്റെ മതിലാണ് തകർത്തത്. ഇന്നലെ പുലർച്ചെയാണ് സംഭവം.

വീട്ടുകാരോട് അനുവാദം വാങ്ങിയതിനു ശേഷമാണ് മതിലിൽ ചുമരെഴുത്ത് നടത്തിയതെന്ന് എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കൺവീനർ കൂടിയായ എ.എൻ.ഷംസീർ എംഎൽഎ പറഞ്ഞു.ബിജെപിക്കാരനായ വാർഡ് കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘമാണ് മതിൽ തകർത്തതെന്ന് അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ഇയാൾ ഈ മതിലിൽ ചുമരെഴുതുന്നതിനെതിരെ സംസാരിച്ചിരുന്നതായും ഷംസീർ ആരോപിച്ചു. ന്യൂമാഹി പൊലീസിൽ പരാതി നൽകി. മതിൽ തകർത്ത വിവരം അറിഞ്ഞു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും സ്ഥലത്ത് എത്തി.

ബിജെപിയുടെ ആസൂത്രിത അട്ടിമറി : കോടിയേരി

തലശ്ശേരി∙ വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ആസൂത്രണം നടത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിന്റെ തെളിവാണ് കൊമ്മൽവയലിൽ എൽഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി ചുമരെഴുതിയ മതിൽ തകർത്ത സംഭവം. പ്രകോപനം സൃഷ്ടിച്ച് സിപിഎം അക്രമമെന്നു മുറവിളി കൂട്ടാനുള്ള ആസൂത്രിത നീക്കമാണിതിനു പിന്നിൽ.

ഇക്കാര്യത്തിൽ ബിജെപിയും യുഡിഎഫും ഒന്നിച്ചിരിക്കുകയാണ്. ആർഎസ്എസ് അക്രമം അഴിച്ചുവിടുക അതിന്റെ ഗുണഫലം യുഡിഎഫ് അനുഭവിക്കുക എന്നതാണ് ഇവരുടെ പരിപാടി. പൊളിച്ച മതിൽ കണ്ടതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.