എയർപോർട്ട് വേറെ മണ്ഡലത്തിലായത് എന്റെ കുഴപ്പമോ?; കണ്ണന്താനത്തിന്റെ മറുപടി

പ്രചാരണത്തിന് തുടക്കമിട്ടപ്പോൾ തന്നെ ഒരു ചെറിയ അബദ്ധം പക്ഷേ സൈബർ ലോകം അതിനെ ഒന്നടങ്കം ഏറ്റെടുത്തതോടെ ബിജെപിയുടെ എറണാകുളം സ്ഥനാർഥി അൽഫോൺസ് കണ്ണന്താനം വീണ്ടും ട്രോളുകളിൽ നിറയുകയാണ്. ഇന്നലെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ കണ്ണന്താനം കെഎസ്ആർടിസി ബസിലാണ് മണ്ഡലത്തിലേക്ക് പോയത്. പക്ഷേ ബസിറങ്ങി ആദ്യം വോട്ട് അഭ്യർഥിച്ചത് ചാലക്കുടി മണ്ഡലത്തിലെ ആലുവയിലും. ഇൗ സംഭവം പുറത്തുവന്നതോടെയാണ് ട്രോളുകൾ സജീവമായത്. ഇൗ ട്രോളുകളെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്രെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ പുതിയ ചർച്ച. എയർപോർട്ട് വേറെ മണ്ഡലത്തിലായത് എന്റെ കുഴപ്പമാണോ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ തന്നെ എല്ലാവരോടും വോട്ടുചെയ്യണമെന്ന് പറഞ്ഞു. പക്ഷേ എനിക്ക് വോട്ടുചെയ്യണമെന്നല്ല ഞാൻ പറഞ്ഞത്. കണ്ണന്താനം വിശദീകരിച്ചു.

ഡൽഹിയിൽ നിന്ന് കൊച്ചിയിൽ പറന്നിറങ്ങിയ കണ്ണന്താനത്തിന് ഉജ്വല വരവേൽപാണ് എറണാകുളത്തെ ബിജെപിക്കാർ ഇന്നലെ നൽകിയത്. പ്രചാരണം തുടങ്ങാൻ വൈകിയെങ്കിലും വിജയിക്കുമെന്ന കാര്യത്തിൽ കണ്ണന്താനത്തിന് പൂർണ വിശ്വാസമാണ്. വിമാനത്താവളത്തിന് പുറത്തിറങ്ങിയ പാടെ വോട്ട് അഭ്യർഥനയും ആരംഭിച്ചിരുന്നു. ആദ്യം വോട്ട് ചോദിച്ചത് വിമാനത്താവളത്തിൽ ജോലിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളികളോടായിരുന്നു. പിന്നീട് വിമാനത്താവളത്തിൽ നിന്ന് കെഎസ്ആർടിസി ബസിൽ മണ്ഡലത്തിലേക്ക് പോയി. പക്ഷേ മണ്ഡലം എത്തും മുൻപ് തന്നെ ബസ് യാത്ര അവസാനിപ്പിച്ചു. ചാലക്കുടി മണ്ഡലത്തിൽ പെട്ട ആലുവ പറവൂർ കവലയിലെത്തിയപ്പോൾ ബസ് യാത്ര അവസാനിപ്പിച്ച് മന്ത്രി ഇറങ്ങി. ബസ് സ്റ്റോപ്പിൽ നിന്ന നാട്ടുകാരോട് തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചു. പിന്നീടാണ് അബദ്ധം മനസിലായത്.