വയനാട്ടിലും ബിജെപി കോൺഗ്രസിന് വേണ്ടി വോട്ട് മറിക്കുമെന്ന് പറഞ്ഞാലോ..; ആവേശത്തിൽ കോൺഗ്രസ് ക്യാംപ്

വയനാട്ടിൽ രാഹുൽ ഗാന്ധി മൽസിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സൈബർ ലോകവും ആകെ ഉഷാറിലാണ്. പിന്തുണയും വിമർശനവും അങ്ങനെ പലതരത്തിൽ ട്രോളുകളും സജീവമാണ്. ഇക്കൂട്ടത്തിൽ‌ തുടക്കം മുതൽ രാഹുൽ കേരളത്തിൽ മൽസരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത് യുഡിഎഫിന്റെ യുവ എംഎൽഎമാരാണ്. വി.ടി ബൽറാമും കെ.എം ഷാജിയും ഇക്കാര്യം പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. അന്ന് വയനാട് സീറ്റിനെ ചൊല്ലിയുള്ള ഗ്രൂപ്പ് പോര് കോൺഗ്രസിന് തന്നെ തലവേദനയും തിരിച്ചടിയും ആകുന്ന സാഹചര്യത്തിലാണ് അത്തരത്തിലൊരു കുറിപ്പ് ഇരുവരും പങ്കുവച്ചത്. എന്നാൽ അതിപ്പോൾ സത്യമായിരിക്കുന്നു. കോൺഗ്രസിന് നല്ല വേരോട്ടമുള്ള വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഇതിന് പിന്നാലെ ബൽറാം സിപിഎമ്മിനെ പരിഹസിച്ച് പോസ്റ്റും പങ്കുവച്ചു. കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പങ്കുവച്ച് ബൽറാം നൽകിയ മറുപടി ഇങ്ങനെ. ‘ഇനിയിപ്പോ വയനാട്ടിലും ബിജെപി കോൺഗ്രസിന് വേണ്ടി വോട്ട് മറിക്കുമെന്ന് പറഞ്ഞ് നോക്കിയാലോ?’ ബൽറാം കുറിച്ചു. ‘രാഹുൽ ഗാന്ധി കേരളത്തിൽ തന്നെയാണ് മത്സരിക്കേണ്ടത്.രാജ്യത്തെ ഫാഷിസ്റ്റുകൾക്കെതിരെയുള്ള രാഷ്ട്രീയയമായ പോരാട്ടത്തിന്റെ സർവ്വസൈന്യാധിപന് കേരളമാണ് അനുയോജ്യം.കേരളത്തിൽ അദ്ദേഹം മത്സരിക്കുന്നതോടെ രാഷ്ട്രീയ ഭീകരതക്കെതിരെയുള്ള പോരാട്ടം കൂടിയായിരിക്കും അത്. ദക്ഷിണേന്ത്യയിലെ മതേതര മുന്നേറ്റത്തിന് കരുത്തും പ്രചോദനവുമായി അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം മാറും. കേരളത്തെ സംബന്ധിച്ച് ഓരോ മലയാളിക്കും അഭിമാനവും സന്തോഷവും പകരുന്ന ഒന്നായിരിക്കുമത്. രാഹുൽജിക്ക് കേരളത്തിലേക്ക് ഊഷ്മളമായ സ്വാഗതം.’ കെ.എം ഷാജിയും മുൻപ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.