രാഹുൽ വരവിൽ കോൺഗ്രസ് ഉന്നം ദക്ഷിണേന്ത്യ; ഒപ്പം പിന്നാക്ക മേഖലയെന്ന സന്ദേശവും

വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാഥിത്വം ദക്ഷിണേന്ത്യയില്‍ തരംഗമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ വിമതനുണ്ടായിട്ടും ഒന്നരലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എംഐ ഷാനവാസ് വിജയിച്ചതാണ് മണ്ഡലത്തെ കോണ്‍ഗ്രസിന്‍റെ കോട്ടയാക്കി മാറ്റിയത്. 

മലപ്പുറം വയനാട് കോഴിക്കോട് ജില്ലകളിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലായി പടര്‍ന്നു കിടക്കുകയാണ് വയനാട്. ജയിക്കുമെന്ന് നൂറ്റൊന്നു ശതമാനം പ്രതീക്ഷയുള്ളതു കൊണ്ട് 2009 തില്‍ എം.ഐ ഷാനവാസ് വയനാട് ചോദിച്ചുവാങ്ങുകയായിരുന്നു.

ഒരു ലക്ഷത്തി അമ്പത്തി മൂവായിരിത്തി നാന്നൂറ്റി മുപ്പത്തി ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷമാണ് വയനാട്  ഷാനവാസിന് നല്‍കിയത്.എന്‍സിപി ടിക്കറ്റില്‍ അക്കുറി മല്‍സരിച്ച കെ.മുരളീധരന്‍ സമാഹരിച്ച ഒരു ലക്ഷത്തോളം വോട്ടുകളില്‍ ബഹുഭൂരിപക്ഷവും കോണ്‍ഗ്രസുകാരുടേതായിരുന്നു.

2014 ല്‍ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞതിന് കാരണങ്ങള്‍ പലതുണ്ട്. കസ്തൂരിരംഗന്‍ വിഷയം ഷാനവാസിനോടുള്ള അതൃപ്തി, പാര്‍ട്ടിയിലെ തെറ്റിദ്ധാരണകള്‍ അങ്ങനെ പോകുന്നു ചുരം കയറിയെത്തിയകാരണങ്ങള്‍.

രാജ്യം ഒരു തെരഞ്ഞെടുപ്പ്് കൂടി അഭിമുഖീകരിക്കുമ്പോള്‍ വയനാടാണ് ഉറച്ചകോട്ട എന്ന കാര്യത്തില്‍ ഒരു കോണ്‍ഗ്രസുകാരനും തര്‍ക്കമില്ല.അതിന്റെ പ്രതിഫലനമായിരുന്നു സ്ഥാനാര്‍ഥിയാകാനുള്ള നേതാക്കളുടെ തിക്കിത്തിരക്കല്‍.

ഇന്ദിരാഗാന്ധിയുെടയും സോണിയുടെയും പാരമ്പര്യം പിന്തുടര്‍ന്ന് രാഹുല്‍ ദക്ഷിണേന്ത്യയിലെ ഒരുമണ്ഡലത്തില്‍ക്കൂടി മല്‍സരിക്കണമെന്നത് ഒരാവശ്യമായിരുന്നു. 

കാര്‍ഷിക പിന്നോക്ക അദിവാസി മേഖലയായ വയനാട്ടില്‍ മല്‍സരിക്കുന്നതിലൂടെ ഒരു സന്ദേശം നല്‍കാനാകുമെന്നും കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു.മുസ്ലീം– ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വയനാട് എന്നതും പ്രാധാന്യമര്‍ഹിക്കുന്നു.