ഇടതുമുന്നണിക്കെതിരെ വോട്ടുചെയ്യാന്‍ കെസിബിസി മദ്യവിരുദ്ധസമിതിയുടെ ആഹ്വാനം

മദ്യനയം അട്ടിമറിച്ച ഇടതുമുന്നണിക്കെതിരെ വോട്ടുചെയ്യാന്‍ കെസിബിസി മദ്യവിരുദ്ധസമിതിയുടെ ആഹ്വാനം. കേരളത്തില്‍ മദ്യമൊഴുക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ വോട്ടുചെയ്ത് തോല്‍പിക്കണമെന്ന് മദ്യവിരുദ്ധസമിതി അധ്യക്ഷന്‍ ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനെ വേദിയിലിരുത്തിയായിരുന്നു കെസിബിസി മദ്യവിരുദ്ധസമിതിയുടെ നയപ്രഖ്യാപനം. 

കെസിബിസി മദ്യവിരുദ്ധസമിതിയുടെ സംസ്ഥാന സമ്മേളനത്തിലാണ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. കള്ളംമാത്രം പ്രചരിപ്പിക്കുന്ന സര്‍ക്കാരാണിത്. എക്സൈസ് മന്ത്രി രാജിവച്ച് പുറത്തുപോകണം. മദ്യത്തിന് അനുകൂലമായി നില്‍ക്കുന്നവരെ തിരഞ്ഞെടുപ്പില്‍ തോല്‍പിക്കണം. 

ബാര്‍ മുതലാളിമാര്‍ക്കുവേണ്ടിയാണ് സര്‍ക്കാരിന്റെ ഭരണമെന്നായിരുന്നു വി.എം.സുധീരന്റെ വിമര്‍ശനം.കെസിബിസി മദ്യവിരുദ്ധസമിതിയുടെ അതേ നിലപാട്, കത്തോലിക്കാസഭകളും തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുമോയെന്നാണ് കാണേണ്ടത്.