നാടോടി ബാലികയുടെ വീട്ടില്‍ ‘ചൂടൻ’ ഇംഗ്ലീഷിൽ പൊലീസിനെ വിരട്ടി സുരേഷ്ഗോപി: വിഡിയോ

ഒാച്ചിറയിൽ നിന്നും നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവം പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്. പൊലീസിനെയും സർക്കാരിെനയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കളും ബിജെപി നേതാക്കളും രംഗത്തെത്തി. ഇന്നലെ പെൺകുട്ടിയുടെ മാതാപിതാക്കളെ കാണാെനത്തിയ  സുരേഷ് ഗോപി എംപി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിലിരുന്ന് പൊലീസിെല ഉന്നത ഉദ്യോഗസ്ഥനെ അദ്ദേഹം നേരിട്ട് ഫോണിൽ വിളിക്കുകയും വിളിക്കുകയും ചെയ്തു. രോഷത്തോടെ പൊലീസ് ഉദ്യോഗസ്ഥനോട്  ഇംഗ്ലീഷിൽ സംസാരിക്കുന്ന അദ്ദേഹത്തിന്റെ വിഡിയോ ഇതിനോടകം വൈറലാവുകയാണ്.  

ഇന്നലെ രാവിലെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കാന്‍ സുരേഷ് ഗോപി എത്തിയത്. ആദ്യം മാധ്യമങ്ങളെ കാണാന്‍ അദ്ദേഹം തയ്യാറായില്ല. മാതാപിതാക്കളെ കണ്ട ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് സുരേഷ് ഗോപി ചോദിച്ചു. മൂക്കിന് താഴെയാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. നവോത്ഥാനത്തിന്റെ മൂല്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ആളുകള്‍ എന്തുകൊണ്ട് വിഷയത്തില്‍ ഇടപെട്ടില്ലെന്നും അദ്ദേഹം ചോദിച്ചു.

രണ്ട് മാസം മുന്‍പ് നടന്ന ഒരു സംഭവവുമായി ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് പൊലീസുകാര്‍ക്ക് ഒരു വ്യക്തതയുമില്ല. നാട്ടുകാരാണ് അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രാന്‍സ്ഫറായി എത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ഇവിടെ ഉള്ളത്. അദ്ദേഹത്തിന് സംഭവത്തെക്കുറിച്ച് ഒരുവിവരവുമില്ല. എന്ത് നടപടിയെടുക്കുമെന്ന് പൊലീസോ കലക്ടറോ ആരെങ്കിലും മറുപടി നല്‍കണം. പെണ്‍കുട്ടിയുടെ കുടുംബത്തിന് വലിയ നീതി നിഷേധമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മറുപടി ലഭിച്ച ശേഷമേ മടങ്ങുകയുള്ളൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.