ഞാൻ പ്രകാശ്; ആറ്റിങ്ങലിൽ പ്രചാരണ വഴിയിൽ വേറിട്ട കാഴ്ച; വൈറൽ

‘വോട്ട് ഒരു തിരഞ്ഞെടുപ്പ് അടുക്കണ സമയത്ത് വിലയുള്ള നോട്ട്..’ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ ഇൗ ഗാനം ഇലക്ഷൻ പ്രചാരണങ്ങൾക്ക് അന്ന് എല്ലായിടത്തും മുഴങ്ങിയതായിരുന്നു. പാട്ടും പാരഡിയുമായി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനും സ്വന്തം ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്താനും പലപണികളും സ്ഥനാർഥികൾ തേടും. അക്കൂട്ടത്തിൽ ഏറെ പ്രത്യേകത നിറഞ്ഞ പ്രചാരണമാണ് ആറ്റിങ്ങലിൽ പോരിനിറങ്ങുന്ന അടൂർ പ്രകാശ് സ്വീകരിക്കുന്നത്.സൂപ്പർ ഹിറ്റായ സിനിമയുടെ പോസ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അടൂർ പ്രകാശിന്റെ പുത്തൻ സൈബർ പ്രചാരണം.

ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ സമ്പത്തിനെതിരെ നിൽക്കുന്നത്. പ്രചാരണത്തിൽ സിറ്റിങ് എംപി കൂടിയായ സമ്പത്തിനെ കടത്തി വെട്ടാൻ ‘ഞാൻ പ്രകാശൻ’ എന്ന സിനിമയുടെ പോസ്റ്ററാണ് ഉപയോഗിച്ചത്. ഫഹദിന്റെ തല മാറ്റി അവിടെ അടൂർ പ്രകാശിന്റെ തല ചേർത്താണ് വേറിട്ട പ്രചാരണം. നിമിഷനേരം കൊണ്ട് തന്നെ ഇൗ പോസ്റ്റർ വലിയ ശ്രദ്ധ നേടി. സ്ഥാനാർഥിയും തന്റെ പേജിൽ ഇതു പങ്കുവച്ചു.  യൂത്ത് കോൺഗ്രസ് കണിയാപുരം ടൗണ്‍ കമ്മിറ്റിയാണ് ഈ രസകരമായ പോസ്റ്ററിന് പിന്നിലെന്നാണ് അടൂര്‍ പ്രകാശ് ഫേസ്ബുക്കില്‍ കുറിച്ചത്.