കാട്ടില്‍ വരള്‍ച്ച; വന്യമൃഗം നഗരത്തില്‍; പരിഭ്രാന്തിയില്‍ ചാലക്കുടി: വിഡിയോ

‘മ്ലാവ്’ ചാലക്കുടി നഗരത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ ജനം പകച്ചു. കാട്ടില്‍ കാണുന്ന മ്ലാവ് എന്താ ഈ നഗരത്തില്‍. നാട്ടുകാര്‍ പരസ്പരം ആശങ്ക പങ്കുവച്ചു. ഉടനെ, ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. അവര്‍ എത്തുമ്പോഴേക്കും മ്ലാവിനെ കാണാനില്ല. പിന്നെ, തിരച്ചില്‍ തുടങ്ങിയതോടെ മ്ലാവിനെ കണ്ടെത്തി. എസ്.എച്ച് സ്കൂള്‍ പരിസരത്ത്. ക്ലാസ് മുറികള്‍ എല്ലാം അടച്ച് സ്കൂള്‍ അധികൃതരും കരുതലെടുത്തു. വിദ്യാര്‍ഥികളാണെങ്കില്‍ പേടിച്ചു. പരീക്ഷ നടക്കുന്ന സമയത്തായിരുന്നു മ്ലാവിന്റെ വരവ്. മയക്കുവെടി വയ്ക്കാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. ഉടനെ വെറ്ററിനറി ഡോക്ടര്‍ ‌പി.ബി.ഗിരിദാസ് എത്തി. മൂന്നു തവണ മയക്കുവെടിവച്ചു. മ്ലാവ് വെപ്രാളത്തില്‍ ഓടിയതോടെ ജനം കൂടുതല്‍ പരിഭ്രാന്തിയിലായി. പിന്നാലെ മയങ്ങി വീണ മ്ലാവിനെ മലയാറ്റൂരിലേക്ക് കൊണ്ടുപോയി. നഗരത്തിലെ പല കാനകളിലും വീണ് പരുക്കു പറ്റിയിരുന്നു. മുറിവ് ഉണങ്ങിയ ശേഷം കാട്ടിലേക്ക് തിരിച്ചു വിടും.

കാട്ടിലും വെള്ളമില്ല

ഉള്‍ക്കാടുകള്‍ വീട്ട് മ്ലാവുകള്‍ ഇങ്ങനെ പുറത്തിറങ്ങാറില്ല. വെള്ളിക്കുളങ്ങര വനമേഖലയിലെ ചട്ടികുളത്തു നിന്ന് ചാലക്കുടി നഗരത്തിന്‍റെ തൊട്ടടുത്തുള്ള വനപ്രദേശം വഴി പുറത്തു വന്നതാകാമെന്ന് സംശയിക്കുന്നു. വന്യമൃഗങ്ങള്‍ ഇനിയും കാടിറങ്ങാന്‍ സാധ്യതയുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കുന്നു. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. അരുവികള്‍ വറ്റിയിട്ടുണ്ട്. വെള്ളം തേടി നാട്ടിലേക്ക് വരുന്നതാകാം ഈ വന്യമൃഗങ്ങളെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

മ്ലാവ് സാധാരണ ഉപദ്രവിക്കാറില്ല. പക്ഷേ, പേടിച്ചോടുന്നതിനിടെ എന്തും സംഭവിക്കാം. അതുക്കൊണ്ടാണ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും മ്ലാവിന്‍റെ വരവില്‍ ഭയപ്പെട്ടത്. ചാലക്കുടി നഗരത്തെ പേടിപ്പിച്ച മ്ലാവിന്റെ വിഡിയോ കാണാം.